നിർമാണം നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുത്; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

വായു ​ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ദില്ലി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ദില്ലിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും.


മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികൾക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനം ബാധകമല്ല.


വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനും നിർദേശിച്ചു. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി. ഡീസൽ ജനറേറ്റർ സെറ്റുകൾ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും. കഴിഞ്ഞ രണ്ട് ദിവസമായി, ഈ സീസണിൽ ദില്ലിയിൽ വായു ​ഗുണനിലവാര സൂചിക (AQI )400-ന് മുകളിലെത്തി.


ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കിൽ, N95 മാസ്ക് ധരിക്കണമെന്നും വിദ​ഗ്ധർ നിർദേശിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS