
കഞ്ചാവിലടങ്ങിയിരിക്കുന്ന കനാബിനോള്‍ (CBN) ഉറക്കം മെച്ചപ്പെടുത്താന്‍ കഴിയുമെന്നതിന് തെളിവ് കണ്ടെത്തിയിരിക്കുകയാണ് സിഡ്‌നി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ന്യൂറോ സൈക്കോ ഫാര്‍മക്കോളജി ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസ്ദ്ധീകരിച്ചിരിക്കുന്നത്. കന്നാബിനോള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ എലികളിലെ നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് അതായത് ശാരീരികമായ വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയും ഓര്‍മകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഗാഡനിദ്രയും (എന്‍ആര്‍ഇഎം), വികാരങ്ങളുടെ സ്വപ്‌നവും സംസ്‌കരണവുമായി ബന്ധപ്പെട്ടിരിക്കുന്ന റാപ്പിഡ് ഐ മൂവ്‌മെന്റും (ആര്‍ ഇ ഐം) വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് തെളിഞ്ഞത്. നിലവില്‍ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.
കഞ്ചാവ് ഉപയോഗിക്കുന്നവരില്‍നിന്ന് സ്വീകരിക്കുന്ന രേഖാമൂലമായ തെളിവുകളുമായി ഈ പഠനം സംയോജിപ്പിച്ച് ഉറക്കത്തകരാറുകള്‍ ചികിത്സിക്കാനുള്ള പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്. എലികളില്‍ കഞ്ചാവിന്റെ ഘടകമായ സിബിഎന്‍ ഉറക്കം വര്‍ദ്ധിപ്പിക്കുന്നു എന്നതിന്റെ വസ്തുനിഷ്ടമായ തെളിവ് പഠനം ഉറപ്പ് നല്‍കുന്നുണ്ടെന്ന് പഠനത്തിന്റെ രചയിതാവായ പ്രൊ.ജോനാഥന്‍ അര്‍നോള്‍ഡ് പറയുന്നു.
എന്താണ് കഞ്ചാവിന്റെ ഘടകമായ സിബിഎന്‍
കഞ്ചാവിലെ പ്രധാന ലഹരിഘടകമായ delta9-tetrahydrocannabinol (THC) ന്റെ അന്തിമ ഉത്പന്നമാണ് സിബിഎന്‍ അഥവാ കനാബിനോള്‍. കഞ്ചാവിലുള്ള delta9-tetrahydrocannabinol (THC) കാലക്രമേണ സിബിഎന്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെടും. ഇപ്പോഴുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ലീപ്പ് തെറാപ്പികള്‍ക്ക് ഫലപ്രാപ്തിയും, പാര്‍ശ്വഫലവും ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ കഞ്ചാവ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ബദല്‍ ചികിത്സകള്‍ തേടാന്‍ സാധ്യത ഉണ്ടെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.