HONESTY NEWS ADS

Electro Tech Nedumkandam

 

സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങണോ? വായ്പകൾ നൽകുന്ന കേന്ദ്രസർക്കാറിന്റെ നാല് പദ്ധതികൾ ഇവ...

ALLEN HABOUR

പഠനം നടത്തുമ്പോൾ തന്നെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാർ. സ്വന്തമായി ആരംഭിച്ച ഇത്തരം സ്റ്റാർട്ടപ്പുകളിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഒട്ടേറെ സംരംഭങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ നിരവധി പേരുണ്ടെങ്കിലും അതിനുള്ള മൂലധനം സമാഹരിക്കുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. സ്റ്റാർട്ടപ്പുകളിൽ  നിക്ഷേപം നടത്തുന്ന ഏഞ്ചൽ നിക്ഷേപകരാണ് പല സംരംഭകർക്കും ആശ്രയമായിട്ടുള്ളത്. എന്നാൽ എല്ലാവർക്കും എയ്ഞ്ചൽ നിക്ഷേപകരെ ലഭിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ സംരംഭകർക്ക് താങ്ങാവുന്ന വായ്പ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നാല് പദ്ധതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം


1. പ്രധാനമന്ത്രി മുദ്ര യോജന


 പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഒരു വായ്പ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 50000 രൂപ മുതൽ 20 ലക്ഷം രൂപ വരെ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം സംരംഭകർക്ക് വായ്പയായി നൽകും. ഈട് ഇല്ലാതെ വാണിജ്യ ബാങ്കുകൾ റീജിയണൽ റൂറൽ ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ   എന്നിവയിൽ നിന്നെല്ലാം മുദ്ര വായ്പകൾ ലഭിക്കും.


2. സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി


 2016 ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ സംരംഭകർക്ക് വായ്പ ലഭിക്കും. എസ് സി എസ് ടി അല്ലെങ്കിൽ വനിതകൾ ആയ സംരംഭകർക്കാണ് ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുക. ഉത്പാദന മേഖല സേവന മേഖല എന്നീ വിഭാഗങ്ങളിലുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനാണ് ഈ പദ്ധതിയിലൂടെ വായ്പ അനുവദിക്കുന്നത്. ബാങ്കുകളുടെ ശാഖകൾ വഴിയോ സിഡ്ബി വഴിയോ ലോൺ ലഭിക്കും.


3. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം 


 2016ലെ സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ പദ്ധതി അനുസരിച്ചാണ് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ആരംഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് അംഗീകാരമുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ഇത് പ്രകാരം വായ്പകൾ ലഭിക്കുക. കൃത്യമായ വരുമാനം ഉറപ്പുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ഇത്തരത്തിൽ വായ്പകൾ അനുവദിക്കുന്നത്


4. പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം ( പി എം ഇ ജി പി )


 കേന്ദ്ര എം എസ് എം ഇ മന്ത്രാലയം നടപ്പാക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി അനുസരിച്ചുള്ള പദ്ധതിയാണിത്. ഗ്രാമീണ നഗരമേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള ചെറുകിട സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സേവനമേഖലയിലുള്ള സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും ഉൽപ്പാദന മേഖലയിലുള്ള സംരംഭങ്ങൾക്ക് 25 ലക്ഷം രൂപയും ഇതനുസരിച്ച് വായ്പ ലഭിക്കും.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS