HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സാഹിത്യ ഇതിഹാസത്തിന് വിട നല്‍കാനൊരുങ്ങി കേരളം, സിത്താരയിൽ അന്ത്യദർശനം തുടരുന്നു

സാഹിത്യ ഇതിഹാസത്തിന് വിട നല്‍കാനൊരുങ്ങി കേരളം, സിത്താരയിൽ അന്ത്യദർശനം തുടരുന്നു

സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ സിതാരയില്‍ അന്ത്യദർശനം പുരോഗമിക്കുകയാണ്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകീട്ട് അഞ്ച് മണിക്കാണ് സംസ്കാരം.


പാതിരാവ് കഴിഞ്ഞ് പകല്‍ വെളിച്ചം വീണപ്പോള്‍ കേരളം കോഴിക്കോടങ്ങാടിയിലേക്ക് ചുരുങ്ങി. നടക്കാവ് കൊട്ടാരക്കടവ് റോഡിലെ സിതാരയെന്ന എഴുത്തിന്‍റെ നാലുകെട്ടില്‍ നിശ്ചലനായി ഇതിഹാസമുണ്ട്. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. ഇരുട്ടില്‍ എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാന്‍ കോഴിക്കോട് നഗരം രാത്രിയും സിതാരയിലെത്തി.


എഴുത്തുകാരന്‍ നിതാന്തനിദ്രയിലാഴുമ്പോള്‍ തനിച്ചായ ആള്‍ക്കൂട്ടം നെടുവീര്‍പ്പെടുകയും കണ്ണ് നനയ്ക്കുകയും ഓര്‍മ പുസ്തകം നിറയ്ക്കാന്‍ വാക്കുകള്‍ക്കായി പരതുകയും ചെയ്യുന്നുണ്ട്. പുലര്‍ച്ച നടന്‍ മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി. പഞ്ചാഗ്നിയിലെ റഷീദും സദയത്തിലെ സത്യനാഥനും താഴ്വാരത്തിലെ ബാലനും രണ്ടാമൂഴത്തിലെ ഭീമനും മോഹന്‍ലാലിനൊപ്പം എംടിയെ വലംവെച്ചു. ചുമരില്‍ ചാരി നിന്ന ലാലിന്‍റെ മുഖത്ത് നഷ്ടത്തിന്‍റെ ആഴം വ്യക്തമായിരുന്നു.

 

സിനിമയിലും എഴുത്തിന്‍റെ വീരഗാഥ തീര്‍ത്ത പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകന്‍ ഹരിഹരന്‍റെ കണ്ണ് നിറഞ്ഞിരുന്നു. യാത്രയാക്കുന്നപോലെ കാല്‍ക്കല്‍ കുറേനേരം നോക്കി നിന്നു. പിന്നെ തളര്‍ന്ന് എംടിയുടെ മകൾ അശ്വതിക്കരികിലിരുന്നു.


ബന്ധങ്ങളില്‍ ഋതുസമിശ്ര കാലമാണ് എംടി. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരും സാധാരണക്കാരും ഒഴുകിയെത്തിയത്. മലയാളത്തിന്‍റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിക്കാന്‍ ആലങ്കോട് ലീലാ കൃഷ്ണനുള്‍പ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA