HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


പൊലീസ് വഴിയിൽ കൈകാണിച്ചു, ബിജെപി നേതാവ് വാഹനം നിർത്തി, ഡിക്കിയിൽ ആപ്പിൾ പെട്ടി! പരിശോധനയിൽ ഒരു കോടി, പിടിവീണു

രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

പാലക്കാട് വാളയാ൪ ടോൾ പ്ലാസയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി. കിഴക്കഞ്ചേരിയിലെ ബി ജെ പി പ്രാദേശിക നേതാവിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബി ജെ പി പ്രാദേശിക നേതാവായ പ്രസാദ് സി നായരുടെ കാറിലാണ് പണം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാളുടെ കിഴക്കഞ്ചേരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. പണത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വാളയാർ ചെക്ക് പോസ്റ്റിൽ എസ് ഐ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.


കർണാടക രജിസ്ട്രേഷനിലുള്ള വെളുത്ത കിയ കാറിൽ വരികയായിരുന്നു പ്രസാദ് സി നായർ. പൊലീസ് കൈ കാണിച്ചപ്പോൾ തന്നെ പ്രസാദിന്‍റെ കാർ നിർത്തി. പരിശോധനയിൽ കാറിന്‍റെ ഡിക്കിയിൽ ആപ്പിൾ കൊണ്ടുവരുന്ന പെട്ടി ശ്രദ്ധയിൽപെട്ടു. പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് അടുക്കിവെച്ച അഞ്ഞൂറിന്‍റെ നോട്ടു കെട്ടുകൾ ഇതിൽ നിന്നും കണ്ടെടുത്തത്. ഉടൻ തന്നെ പ്രസാദിനെയും ഡ്രൈവർ പ്രശാന്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കച്ചവട ആവശ്യത്തിനായി കരുതിയ പണമെന്നായിരുന്നു ചോദ്യം ചെയ്യലിൽ പ്രസാദിന്‍റെ മൊഴി.


ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ല. ഇതോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത്. ഇവരിൽ നിന്നും കണ്ടെടുത്ത പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് അറിയിച്ചു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്‍റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസും പരിശോധന നടത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.