
കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി. ചാലക്കുടിയില്‍ നിന്ന് ഇടുക്കിയിലേക്ക് പോയ ബസാണ് മാങ്കുളത്ത് വച്ച് കേടായത്. വൈകുന്നേരം അഞ്ചിന് ബസ് കേടായെങ്കിലും രാത്രി പത്തിനാണ് പകരം സംവിധാനം ഒരുക്കിയത്.
ഇതോടെ സ്ത്രീകളും പ്രായമായവരും അടക്കം മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി. തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് എത്തി. ബസ് തകരാറിലായ കാര്യം മൂന്നാർ ഡിപ്പോയില്‍ അറിയിച്ചെങ്കിലും പകരം ബസ് വിട്ടുനല്‍കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പണം തിരികെ കിട്ടാതെ ബദലായി ഏർപ്പെടുത്തിയ ബസില്‍ കയറില്ലെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചതോടെ പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ ചർച്ചയിലാണ് മറ്റൊരു ബസില്‍ യാത്ര ചെയ്യാൻ യാത്രക്കാർ തീരുമാനിച്ചത്.