
എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്. 'ഗോഡ് വിൻ' ബസ് ജീവനക്കാർക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റതിനാൽ ആർ ടി എ സെക്ഷൻ പ്രകാരമാണ് ബസ് ജീവനകാർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് എറണാകുളം നഗരമധ്യത്തിൽ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ കൈയ്യാങ്കളി നടന്നത്. സംഘർഷം അര മണിക്കൂറോളം നീണ്ടു നിന്നു.
ലോ കോളേജ് വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാരൻ മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. സംഭവത്തിൽ ബസ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് അടിയിൽ കലാശിച്ചതെന്ന് വിദ്യാർത്ഥികളുടെ പരാതി. ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ കാലിലൂടെ ജീവനക്കാർ ബസ് കയറ്റാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.