HONESTY NEWS ADS

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി,

സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യുഡിഎഫും. എൽഡിഎഫ് 11 ഇടത്ത്. മൂന്ന് വാർഡിൽ ബിജെപിയെന്നാണ് സീറ്റ് നില.


തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.


ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു. 


 പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടപ്പെടും. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഇതോടെ യു.ഡി.എഫ് അംഗബലം എട്ടായി. ചാലിശ്ശേരി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു. ഒൻപതാം വാർഡിൽ കെ.സുജിത 104 വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യു.ഡി.എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊടുവായൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കോളോട്ട് സി.പി.എം നിലനിർത്തി. സി.പി.എമ്മിലെ എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പതിനെട്ടംഗ ഭരണസമിതിയിൽ പന്ത്രണ്ടു പേരുടെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം തുടരാനാവും.


കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്ത് 17 വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന്  യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജൻ വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ തുളസി 164 വോട്ടുകൾക്ക് വിജയിച്ചു. 


പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽ ഡി എഫിന്റെ സീറ്റായിരുന്നു ഇത്. കോന്നി അരുവാപ്പുലം പഞ്ചായത്ത്  12 വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ്‌ വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 1309 ലീഡ്  സീറ്റ് നിലനിർത്തി.  പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകൾക്ക് ശരത് മോഹൻ സീറ്റ് നിലനിർത്തി.  


കണ്ണൂർ കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും എൽഡിഎഫ് നിലനിർത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തിൽ എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണുളളത്.  മാടായി പഞ്ചായത്ത്‌ ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി. മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു. 


ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എൻ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു.  


ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. എൽഡിഎഫിന് സീറ്റ് നഷ്ടമായി. സിപിഎം  വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിൻ്റെ പഞ്ചായത്താണിത്.  


മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്. 


കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു. പഞ്ചായത്ത്‌ ഭരണത്തിൽ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റുബീന നാസർ  101 വോട്ടിന് വിജയിച്ചു.  


കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്  വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്.


മലപ്പുറം ആലങ്കോട്  പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്.  തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി നിലനിർത്തി. അഖില മനോജ്‌ ആണ് വിജയിച്ചത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS