
പനയമ്പാടത്ത് സ്കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇതോടെ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
പ്രദേശവാസികളുമായി ചർച്ച, ഇനിയൊരു അപകടം ഇല്ലാതിരിക്കാൻ നടപടി
റോഡിലെ പ്രശ്ന പരിഹാരത്തിന് ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ മന്ത്രി കൃഷ്ണൻകുട്ടിയടക്കം പങ്കെടുത്ത് പ്രദേശവാസികളുമായി ചർച്ച നടത്തി. വളവ് നികത്തുക, സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ഇന്ന് ചെയ്യാൻ പറ്റുന്ന നിയന്ത്രണങ്ങൾ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നാട്ടുകാരുടെ പ്രശ്നങ്ങളും നിർദേശങ്ങൾ കേട്ടു. എല്ലാത്തിനും പരിഹാരമുണ്ടാക്കും. നഷ്ടപരിഹാരം ഉൾപ്പെടെ നടപടി ചർച്ച ചെയ്തു. ദീർഘകാല, പ്രസ്വകാലം എന്നിങ്ങനെ തിരിച്ച് നടപടി സ്വീകരിക്കും. ഇനിയൊരു അപകടം ഇല്ലാതിരിക്കാൻ വേഗപരിധി നിയന്ത്രിക്കാൻ നടപടിയെടുക്കും. വളവ് നികത്തലിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തനം നടത്തും. പൊലീസ്, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.