HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവിട്ടു; വിലക്കിയിട്ടും തുടര്‍ന്നു, കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞു: വെളിപ്പെടുത്തി ഭര്‍ത്താവ്

തന്നെ കൊലപ്പെടുത്തുമെന്ന് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പറഞ്ഞുവെന്ന് ആരിത ഭര്‍ത്താവ് രാജീവിനോട് വെളിപ്പെടുത്തിയിരുന്നു

തന്നെ കൊലപ്പെടുത്തുമെന്ന് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പറഞ്ഞുവെന്ന് ആരിത ഭര്‍ത്താവ് രാജീവിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തെ കുറിച്ചാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. കൊലപാതകം നടത്തി രക്ഷപെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. 


ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി. എന്നാല്‍, വിലക്ക് അവഗണിച്ചു ആതിര സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു എന്നാണ് സൂചനകള്‍. 


ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതി ട്രെയിനില്‍ കയറി സ്ഥലംവിട്ടെന്നാണു നിഗമനം. 4 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 


ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണു പൊലീസിന്റെ നിഗമനം. സമൂഹമാധ്യമത്തിലൂടെ ദീര്‍ഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാന്‍ ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നത്. 


കൊലയ്ക്ക് ശേഷം ആതിരയുടെ സ്‌കൂട്ടറില്‍ തന്നെയാണ് പ്രതി കടന്നു കളഞ്ഞതും. ആതിരയുടെ ഭര്‍ത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തില്‍ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയില്‍ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയല്‍ക്കാര്‍ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വര്‍ഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. 


ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്ബിളിയുടെയും മകള്‍ ആതിരയെ 8 വര്‍ഷം മുന്‍പാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍. കൊലപാതകി മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാള്‍ രണ്ടു ദിവസം മുന്‍പ് കഠിനംകുളത്ത് എത്തി പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.