
ബ്രസീലിലെ കാപ്പിക്കുരു കർഷകർ കടുത്ത പ്രതിസന്ധിയിലായതോടെ ആഗോളതലത്തില്‍ കാപ്പിവിലയില്‍ വർദ്ധനവ്. കടുത്ത വരള്‍ച്ചയും വേനലും മൂലമുണ്ടായ കൃഷിനാശമാണ് കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ധാരാളം കാപ്പികർഷകരുള്ള ഡിവിനോലാൻഡിയ പ്രദേശത്താണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ വിളകളെല്ലാം കടുത്ത വരള്‍ച്ച മൂലവും വേനല്‍ മൂലവും ഉണങ്ങി വരണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ നിരവധി കർഷകരാണ് കാപ്പി കൃഷി ചെയ്യുന്നത്. വിളകള്‍ നശിച്ചതോടെ എന്ത് ചെയ്യണമെന്ന ആശങ്കയും ഇവർക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. കാകോന്റെ എന്ന പ്രദേശത്തും സമാനമാണ് സ്ഥിതി. പല കർഷകർക്കും തിരിച്ചുവരാൻ ഒരുപാട് സമയം വേണ്ടിവരുന്ന നിലയിലുള്ള കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാതെ വിളകളെല്ലാം കരിഞ്ഞും ഉണങ്ങിയും നശിച്ചിരിക്കുകയാണ് ഇവിടം.
ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമായ ബ്രസീലിലെ ഈ കൃഷിനാശം, ആഗോള കാപ്പി വിലയേയും സ്വാധീനിച്ചിട്ടുണ്ട്. ടോക്കിയോ, പാരിസ്, ന്യൂ യോർക്ക് എന്നീ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രധാനപ്പെട്ട കോഫി ഡ്രിങ്കുകളുടെ വില വർധിച്ചുകഴിഞ്ഞു. പ്രതിസന്ധി മൂലം ജനപ്രിയ കോഫി ഡ്രിങ്കായ അറബിക്ക കോഫിയുടെ വില, നവംബറില്‍ സർവകാല റെക്കോർഡില്‍ എത്തിയിരുന്നു. ഉടനെയൊന്നും ഉദ്പാദനത്തില്‍ പഴയ നില തിരിച്ചുപിടിക്കാൻ ബ്രസീലിലെ കാപ്പി കർഷകർക്ക് സാധിക്കില്ല എന്നതിനാല്‍ ആഗോള ബ്രാൻഡുകള്‍ക്കും മറ്റും മറ്റ് സാധ്യതകള്‍ കണ്ടെത്തേണ്ടിവരും. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പെടയുളള കാപ്പി ഉത്പാദക രാജ്യങ്ങളിലെ കർഷകർക്ക് നിലവിലെ സാഹചര്യം ഗുണകരമായെക്കുമെന്നും വിലയിരുത്തലുകളുണ്ട്.