HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പ്രതിക്ക് ആതിര ചായ നൽകി; മെത്തയ്ക്കടിയിൽ കത്തി ഒളിപ്പിച്ചു; ലൈം​ഗികബന്ധത്തിനിടെ ജോൺസൺ കുത്തികൊലപ്പെടുത്തി

കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ നിർണായക മൊഴി പുറത്ത്

കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ നിർണായക മൊഴി പുറത്ത്. വെഞ്ഞാറമൂട് സ്വദേശി ആതിരയെ പ്രതി കൊലപ്പെടു​ത്തിയത് ലൈം​ഗികബന്ധത്തിനിടെ. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയില്‍ നിന്നും രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. പിന്നീട് ആതിര മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ ഒളിച്ച് നിൽക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ ആശയവിനിമയം നടത്തിയെന്നും മൊഴിയിലുണ്ട്. ആതിരയുടെ ഭർത്താവ് പൂജാരിയാണ്. ഭ​ർത്താവ് അമ്പലത്തിൽ പോയതും, കുട്ടി സ്കൂളിൽ പോയതും ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി ആതിരയുടെ വീട്ടിനുള്ളിൽ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നൽകിയെന്നും മൊഴിയുണ്ട്. ഈ സമയത്ത് കൈയിൽ കരുതിയിരുന്ന കത്തി ജോൺസൺ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയിൽ ഒളിപ്പിക്കുകയായിരുന്നു.


പിന്നീട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു പ്രതി. ജോൺസൺ ധരിച്ചു കൊണ്ടുവന്ന ഷർ‌ട്ടിൽ രക്തം പുരണ്ടതിനാൽ ഷർട്ട് വീട്ടിൽ തന്നെ ഉപേക്ഷിച്ച ശേഷം ആതിരയുടെ ഭർത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം താൻ സ്വയം ജീവനൊ‌‌ടുക്കാൻ ശ്രമിച്ചു എന്നും പ്രതി പറയുന്നു. എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നതെന്നും പ്രതി മൊഴി നൽകി. കൊല്ലം സ്വദേശിയാണ് ജോണ്‍സണ്‍. കൃത്യത്തിന് ശേഷം കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്.


വിഷം കഴിച്ച പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിരികെ എത്തിയപ്പോൾ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോൺസൺ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്റെ നി​ഗമനം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA