HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് പിന്തുണയെന്ന് കോൺഗ്രസ്; 'മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച മാധ്യമ അജണ്ട'

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സിപിഎമ്മിൻ്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോൺഗ്രസ്

യുഡിഎഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ച സിപിഎമ്മിൻ്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോൺഗ്രസ്. ഈ ചർച്ചകളെ പൂർണമായും തള്ളുന്നുവെന്നും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.


സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉള്ളതായി യോഗം വിലയിരുത്തി. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങളും ഉയര്‍ത്തി പ്രക്ഷോഭം നടത്തും. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. ജനതയുടെ ദുരവസ്ഥതയെ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. ടൗണ്‍ഷിപ്പ് പദ്ധതി രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം നടക്കുന്നു. കോണ്‍ഗ്രസും ഘടകകക്ഷികളും വയനാട്ടിലെ ദുരിതബാധിര്‍ക്ക് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.


സമൂഹ മാധ്യമത്തിലെ പ്രവര്‍ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കും. സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തില്‍ വിഭാഗീയതയും ഭിന്നതയും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സെറ്റോയുടെ നേതൃത്വത്തില്‍ ജനുവരി 22 ന് നടക്കുന്ന ജീവനക്കാരുടെ പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്, എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍, വികെ അറിവഴകന്‍, മന്‍സൂര്‍ അലി ഖാന്‍  തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA