HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവർക്കും കനത്ത പിഴയിട്ട് കോടതി

അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി.

അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഫെനിൽ ജെയിംസ് 2023 ജൂണിൽ കോടതിയിൽ നൽകിയ കേസിലാണ് എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് 112000 രൂപ പിഴ അടക്കാൻ ഉത്തരവിട്ടത്. പിഴ അടക്കാത്ത പക്ഷം ആറുമാസം തടവിനും വിധിച്ചിട്ടുണ്ട്. 


ഡ്രൈവറും വാഹന ഉടമയും 56,000 രൂപ വീതം പിഴ അടയ്ക്കണം. 2022 നവംബർ 16 നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപ്പുഴ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയിൽ വാഹനം നിറയെ എം സാൻഡ് കയറ്റി വന്ന ടോറസ് ടിപ്പർ ലോറി പിടികൂടുകയായിരുന്നു. വാഹനത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാളും 18 ടൺ അധിക ലോഡ് കയറ്റിയിട്ടുണ്ട് എന്ന് പരിശോധനയിൽ വ്യക്തമായി.


തുടര്‍ന്ന് വാഹനം ഉടമയ്ക്കും ഡ്രൈവർക്കും 37000 രൂപ കോമ്പൗണ്ടിങ് ഫീസ് അടച്ച് അമിതഭാരം ഇറക്കി യാത്ര തുടരാൻ നിർദ്ദേശവും നൽകി. എന്നാൽ, വാഹന ഉടമയും ഡ്രൈവറും നിർദ്ദേശം പാലിക്കാതെ വാഹനം എടുത്തുകൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ 37000 രൂപ ഫീസ് അടയ്ക്കാൻ വീണ്ടും നിര്‍ദേശം നൽകിയെങ്കിലും കോടതിയിൽ നേരിടാൻ തയ്യാറാണ് എന്ന നിലപാടാണ് വാഹന ഉടമ സ്വീകരിച്ചത്. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി. എതിർകക്ഷിക്ക് വേണ്ടി കേരള ടിപ്പർ ടോറസ് അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ.കെ എം മിനിമോൾ  ഹാജരായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.