HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടെന്ന് സൂചന; രാവിലെ നെൻമാറയിലെത്തി? പൊലീസ് പരിശോധന

ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന

നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന. കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം കിട്ടിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് നഗരത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെൻമാറ ബസ് സ്റ്റാൻഡിൽ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. പ്രതി ഒളിവിൽ പോകുമ്പോൾ ഭക്ഷണ സാധനങ്ങൾ കയ്യിൽ കരുതിയതായാണ് വിവരം. 


പ്രതിയെ തിരയാൻ വൻ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ആദ്യ കൊലപാതകം നടത്തിയ വേളയിൽ  ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നത്. രണ്ട് ടീമുകൾ മലുകളിലും ഒരു മലയുടെ താഴ്വാരങ്ങളിലും പരിശോധിക്കും. ഓരോ സംഘത്തിലും കാടറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ടാകും. ഡ്രോൺ അടക്കം പരിശോധനക്ക് ഉപയോഗിക്കും


പ്രതിയുടെ കൊല്ലാനുളള പട്ടികയിൽ രണ്ടു പേർ കൂടി ഉൾപ്പെട്ടിരുന്നു. അയൽവാസി പുഷ്പ, അമ്മാവന്റെ ഭാര്യ എന്നിവർക്കെതിരെയും പ്രതി വധഭീഷണി മുഴക്കിയെന്നാണ് വിവരം. ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാറില്ലായിരുന്നുവെന്ന് അയൽവാസി പുഷ്പ വെളിപ്പെടുത്തുന്നു. മാരകായുധങ്ങളുമായി പല തവണ ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എപ്പോഴും മരണഭയത്തിലാണ് കഴിഞ്ഞിരുന്നുവെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു. 


ഇന്നലെ ഉച്ചയോടെയാണ് നെന്മാറയിൽ കൊലക്കേസ് പ്രതി അയാൽവാസികളായ അമ്മയെയും മകനെയും അരിഞ്ഞ് വീഴ്ത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വീട്ടിൽകയറി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ചെന്താമര.


ഇൻക്വസ്റ്റ് റിപ്പോർട്ട് പ്രകാരം സുധാകരൻറെ ശരീരത്തിൽ 8 വെട്ടുകളുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.