
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വെച്ച് വഴിവിട്ട് സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി. മധ്യമേഖലാ ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ അജയകുമാർ ജയിലിൽ എത്തിയിരുന്നു. ഒപ്പം ബോബിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണൂരുമായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകുകയും ഫോൺ ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.
ജയിൽ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. തൃശൂർ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്. ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം ജയിൽ ഡിഐജിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
നടി ഹണി റോസ് നൽകിയ പരാതിയെ തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂറിനെതിരെ നടപടിയെടുത്തത്. തനിക്കെതിരെ ദ്വയാർത്ഥപ്രയോഗം നടത്തി അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നൽകുകയായിരുന്നു. ഹണി റോസിന്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.