കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞ പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പീരുമേട് പൊലീസ് പിടികൂടി. തേനി രാസിംഗപുരം സ്വദേശി സുരേഷ് ആണ് പിടിയിലായത്. ബൈക്കിൽ ഇടിച്ച ശേഷം സുരേഷ് വാഹനം നിർത്താതെ പോകുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുറിഞ്ഞപുഴ സ്വദേശി മുറിഞ്ഞപുഴ പുന്നക്കൽ നാരായണൻറെ മകൻ വിഷ്ണു വാഹനാപകടത്തിൽ മരിച്ചത്. ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചു റോഡിൽ വീണ് കിടക്കുകയായിരുന്നു. അതുവഴിയെത്തിയ യാത്രക്കാർ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിഷ്ണു ഓടിച്ചിരുന്ന ബൈക്കിൽ ഏതോ വാഹനം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പരിശോധനയിൽ മനസിലായിരുന്നു.
തുടർന്ന് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്ന് സംശയാസ്പദമായ പിക്കപ്പ് വാഹനം കണ്ടെത്തി. വാഹനത്തിൻറെ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തേനിക്കടുത്ത് രാസിംഗപുരം സ്വദേശി സുരേഷ് ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം സുരേഷ് പിക്കപ്പുമായി അന്നുതന്നെ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അപകടത്തിൽ വാഹനത്തിന് ഉണ്ടായ കേടുപാട് മാറ്റി തമിഴ്നാട്ടിൽ വച്ച് പെയിൻറ് അടിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ബൈക്ക് അപകടം ആകേണ്ടിയിരുന്ന സംഭവത്തിൻറെ ചുരുൾ അഴിച്ചത് പീരുമേട് പോലീസിന്റെ അന്വേഷണമാണ്. കോടതിയിൽ ഹാജരാക്കിയ സുരേഷിനെ റിമാൻഡ് ചെയ്തു.