HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നെന്മാറയിൽ ഇരട്ടക്കൊല: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.


മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പൊലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.


രണ്ട് മാസമായി ഇയാൾ നാട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാൾ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്. 2019 ൽ കൊലപാതകത്തിന് മുൻപ് തന്നെ ഇയാൾ സജിതയടക്കം കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നാണ് സിപിഎം നേതാവായ ശിവൻ പറയുന്നത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA