സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യു ബി എം സി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു. യു ബി എം ചർച്ചിന് പിറകിലെ നിർമ്മാണത്തിൽ ഇരിക്കുന്ന മതിലാണ് തകർന്നത്. സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കോൺക്രീറ്റ് ബീം നിർമ്മിച് അതിൽ ഉരുളൻ കല്ലുകൾ ഉയർത്തിവെച്ച് മണ്ണിട്ട് ഉറപ്പിച്ചായിരുന്നു നിർമ്മാണം. മഴവെള്ളം കുത്തിയിറങ്ങിയതോടെ മതിലിന് സമീപം നിക്ഷേപിച്ച മണ്ണ് പുറത്തേക്ക് തള്ളുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയുമാണ് മരിച്ചത്.






