
നാലുപേരുടെ മരണത്തിനിടയാക്കിയ പുല്ലുപാറ അപകടത്തില്‍പ്പെട്ട കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ടയറുകള്‍ അഴിച്ച് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ടോപ് ഗിയറില്‍ ഇറക്കം ഇറങ്ങി വരുന്നതിനിടെ തുടർച്ചയായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ബ്രേക്ക് കുറയാനുള്ള സാധ്യത പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടകാരണം കൃത്യമായി മനസ്സിലാക്കാനാണ് ടയറുകള്‍ അഴിച്ച് പരിശോധിച്ചത്. ബ്രേക്ക് തുടർച്ചയായി ഉപയോഗിച്ചതിന്റെ അടയാളങ്ങള്‍ ടയറിന്റെ ഡ്രമ്മില്‍ കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് അടുത്തദിവസം സർക്കാരിന് സമർപ്പിക്കും.
തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് തഞ്ചാവൂരില്‍നിന്ന് മാവേലിക്കരയിലേക്കുള്ള മടക്കയാത്രക്കിടെ 37 അംഗ സംഘം സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അപകടത്തില്‍പ്പെട്ടത്. നാലുപേർ മരിക്കുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടക്കുന്നതിന് തോട്ടു മുൻപ് ബസിന്റെ ബ്രേക്ക് പോയി എന്ന വിവരം ഡ്രൈവർ യാത്രക്കാരെ അറിയിച്ചിരുന്നു.
സഹഡ്രൈവറുടെ നിർദേശപ്രകാരം ബസിന്റെ ഹാൻഡ് ബ്രേക്ക് വലിക്കുകയും ചെയ്തിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായാണ് യാത്രക്കാരും പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട ബസ് തിങ്കളാഴ്ച രാത്രിതന്നെ പെരുവന്താനം പോലീസ് സ്റ്റേഷന് മുൻപിലേക്ക് മാറ്റിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പാലാ, ഇടുക്കി ഓഫീസുകളില്‍നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
അപകടത്തില്‍പ്പെട്ട കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കെ.കെ. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബ്രേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ബസില്‍ വേഗനിയന്ത്രണസംവിധാനം ഉണ്ടായിരുന്നു. ടോപ്പ് ഗിയറില്‍ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമായതെന്നും പരിശോധിക്കുമെന്നും ബസിന്റെ വീല്‍ അഴിച്ചുനോക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പറഞ്ഞിരുന്നു.