
മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാൻ്റിന് പരിസരത്ത് തമ്മിൽ കൊമ്പ് കോർത്ത് കാട്ടാനകൾ. ഇന്ന് പകലായിരുന്നു സംഭവം. ഒറ്റ കൊമ്പനും മറ്റൊരു കൊമ്പനും തമ്മിലാണ് കുത്തു കൂടിയത്. പ്ലാൻ്റിൻ്റെ പരിസരത്ത് പച്ചക്കറി അവശിഷ്ടങ്ങൾ തിന്നുകയായിരുന്നു ഒറ്റ കൊമ്പൻ. ഇതിനിടയിലാണ് 11 മണിയോടെ മറ്റൊരു ആന എത്തിയത്. ഇതോടെയാണ് ഒറ്റ കൊമ്പൻ പാഞ്ഞെത്തി രണ്ടാമത്തെ കാട്ടാനയെ ആക്രമിച്ചത്. അഞ്ച് മിനിറ്റു നേരം ഇരുവരും തമ്മിൽ കൊമ്പുകോർത്ത ശേഷമാണ് പിൻമാറിയത്. പ്ലാൻ്റിനു മുൻഭാഗത്തായി മൂന്നാർ ടൗണിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറി, പഴം എന്നിവയുടെ അവശിഷ്ടങ്ങൾ കൂട്ടിയിടുന്നത് തിന്നാനായി ആനകൾ എത്തുന്നത് പതിവാണ്. രണ്ട് ഒറ്റ കൊമ്പൻമാരാണ് പ്ലാൻ്റിനു സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പ് കാട്ടാനയുടെ കുത്തിമറിച്ചിട്ടു. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന വൈദ്യുതി വകുപ്പിന്റെ എൻജിനീയറും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
കാട്ടാന ജീപ്പിനെ പത്തടി താഴ്ചയിലേക്ക് കുത്തിമറിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും നിസാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. റോഡിൽ ജീപ്പിന് മുന്നിൽ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആന ഞൊടിയിടയിൽ പാഞ്ഞടുക്കുകയായിരുന്നു. ജീപ്പിനെ കൊമ്പിൽ കോർത്ത് താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ ചില്ലുകളും മുൻ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ മഹീന്ദ്ര ബൊലേറോ വാഹനമാണ് അപകടത്തിൽപ്പെട്ടത്.