
നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും,വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കാൻ കർണാടക സ്പീക്കർ യു ടി ഖാദർ. സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി,നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം എംഎൽഎമാർ പലരും മടങ്ങി പോകാറാനാണുള്ളത്. എന്നാൽ ഇത്തരത്തിൽ റിക്ലൈനർ കസേരകൾ നൽകുന്നതോടെ അവർക്ക് ഇടവേളയ്ക്ക് ശേഷവും സഭാനടപടികളിൽ തുടരാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷത്തിൽ മൂന്ന് തവണ മാത്രമേ റിക്ലൈനറുകളുടെ ആവശ്യമുള്ളു എന്നതിനാൽ സർക്കാർ ഇത് വാങ്ങുകയല്ല പകരം വാടകയ്ക്ക് എടുക്കാനാണ് തീരുമാനമെന്നും , നിയമസഭാ നടപടികളിൽ അംഗങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇതിനോടകം ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ എംഎൽഎമാരുടെ ഹാജർ AI ക്യാമറകൾ ഉപയോഗിച്ച് രേഖപെടുത്തുമെന്നും,പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും ഖാദർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കൃത്യനിഷ്ഠ പാലിക്കുക മാത്രമല്ല, നിയമസഭാംഗങ്ങൾ നടപടിക്രമങ്ങളിൽ എത്ര സമയം ചെലവഴിച്ചുവെന്ന് ട്രാക്ക് ചെയ്യുക കൂടിയാണ് ലക്ഷ്യമെന്ന് സ്‌പീക്കർ അന്ന് വ്യക്തമാക്കിയിരുന്നു.