
പകുതി വിലക്ക് സ്‌കൂട്ടറും തയ്യല്‍ മെഷ്യനും ലാപ്ടോപ്പും. ഇന്ന് കേരളമൊട്ടാകെ നിരവധി പേരാണ് വൻ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇതിന്റെയെല്ലാം പിന്നില്‍ ഉയർന്ന് വന്ന ഒരേ ഒരു പേര്… ഇരുപത്തി ആറുകാരനായ അനന്തു കൃഷ്ണൻ. ടൂവീലർ തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞ് ആളുകളുടെ വിശ്വാസ്യത നേടിയെടുത്തത് തട്ടിപ്പ്. ഈ വാഗ്ധാനങ്ങളില്‍ വീണ് പോയവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല തങ്ങള്‍ ചെന്ന് പെട്ടത് വലിയൊരു തട്ടിപ്പിന്റെ കുഴിയിലാണെന്ന്. ഒന്നും രണ്ടുമല്ല. ആയിരത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് അനന്തു കൃഷ്ണൻ നടത്തിയത്. അതിന് ഇരയായതും ആയിരത്തില്‍ അധികം ആളുകളും.
കേസില്‍ പ്രതിയായ അനന്തു കൃഷ്ണൻ ഇടുക്കി തൊടുപുഴ സ്വദേശിയാണ്. കേന്ദ്ര സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് അനന്തു കൃഷ്ണൻ തുടക്കത്തില്‍ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളില്‍ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തു കൃഷ്ണന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്യാനറിയാമായിരുന്ന അനന്തുവിന് പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടാക്കി എടുക്കാനും അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികള്‍ അനന്തു നടത്തി. നിലവില്‍ പാതി വില തട്ടിപ്പില്‍ പ്രതിയായ അനന്തു കൃഷ്ണൻ നേരത്തെയും പല കേസിലും പ്രതിയായിരുന്നു. തൊടുപുഴ സ്വദേശിയായ ഒരു വക്കീലില്‍ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നല്‍കാത്തതിന് അറസ്റ്റിലായ അനന്തു റിമാൻഡിലായിരുന്നു. പിന്നീട് ആ കേസ് ഒത്തുതീർപ്പാക്കി. ഇത് കൂടാതെ ഫുട്ബോള്‍ താരത്തിന് വണ്ടിച്ചെക്ക് നല്‍കിയ സംഭവവും ചർച്ചയായിരുന്നു. ഈ പണം പിന്നീട് കൊടുത്തു തീർത്തു.
അനന്തു കൃഷ്ണന്റെ പൊതുരംഗത്തേക്ക് ഉള്ള കടന്ന് വരവ് നോക്കിയാല്‍… പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെ കൂണ്‍ കൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തു പൊതുരംഗത്തേക്ക് വരുന്നത്. തുടർന്ന് കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂണ്‍കൃഷി പഠിപ്പിച്ചും സഹായിച്ചും അവരുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് വനിതാ കമ്മിഷൻ അംഗമായപ്പോള്‍ അവരുടെ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും അനന്തു കൃഷ്ണൻ കോളം തികച്ചു.
പിന്നീടങ്ങോട്ട് ബിജെപി പ്രവർത്തകരുമായി അടുത്തു. ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയ കേസില്‍ പ്രതിയാണ് അനന്തു കൃഷ്ണൻ. കോട്ടമലയിലെ തേയില തോട്ടം വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഗീതാ കുമാരി ഇയാള്‍ക്കെതിരെ ചെക്ക് കേസ് നല്‍കിയപ്പോള്‍ അനന്തുവിനായി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റായിരുന്നു. നിലവില്‍ അനന്തു കൃഷ്‌ണൻ പ്രതിയായ കേസിലെ ഏഴാം പ്രതിയാണ് ഇവർ.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായി മാറുകയാണ് സിഎസ്‌ആർ ഫണ്ടിന്റെ പേരില്‍ നടന്ന തട്ടിപ്പ്. ആയിരം കോടിക്ക് മുകളിലാണ് അനന്തുകൃഷ്ണൻ തട്ടിയത്. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്ബാരമാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ എത്തുന്നത്. 2022 മുതലാണ് സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ അനന്തു കൃഷ്ണൻ തട്ടിപ്പ് തുടങ്ങിയത്. ഒരു ലക്ഷത്തി 25,000 രൂപ വില വരുന്ന സ്കൂട്ടർ സ്ത്രീകള്‍ക്ക് 60,000 രൂപയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വില വരുന്ന ലാപ്ടോപ്പ് 30000 രൂപയ്ക്കും നല്‍കിയിരുന്നു.
സ്കൂട്ടറിന് ഒരാള്‍ പേര് രജിസ്റ്റർ ചെയ്ത് പണം അടച്ചാല്‍5000 രൂപയാണ് ഒരാള്‍ക്ക് നല്‍കിയിരുന്നത്. ഇത്തരത്തില്‍ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്. ഇതേരീതിയില്‍ തയ്യല്‍ മെഷീൻ ഗൃഹോപകരണങ്ങള്‍ രാസവളം എന്നിവയും പിന്നീട് നല്‍കി. സ്വന്തമായി ഒന്നില്‍ കൂടുതല്‍ കണ്‍സള്‍ട്ടൻസികള്‍ ഉണ്ടാക്കിയാണ് അനന്തു കൃഷ്ണൻ ഇടപാടുകള്‍ നടത്തിയത്. തട്ടിപ്പിനായി സോഷ്യല്‍ ബീ വെൻചേഴ്സ് തൊടുപുഴ, സോഷ്യല്‍ ബീ വെൻചേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനല്‍ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്ബനികളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്തത് അനന്തു തന്നെയായിരുന്നു.
അതേസമയം കോടികളുടെ സ്വത്താണ് അനന്തു കൃഷ്ണനുള്ളത്. സ്വന്തം നാടായ തൊടുപുഴ കുടയത്തൂർ കോളപ്രയില്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഈ ചുരുങ്ങിയ കാലയളവില്‍ അനന്തു വാങ്ങിക്കൂട്ടിയത്. അനന്തുവിന്റെ വീടിനു സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പിള്ളിയിലും പാലായിലും ഭൂമി വാങ്ങാൻ കരാർ എഴുതിയിരുന്നു. തട്ടിപ്പ് പണം ഉപയോഗിച്ച് അനന്തു കൃഷ്ണൻ ഇടുക്കി, കർണാടകം എന്നിവടങ്ങളില്‍ സ്ഥലം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സത്യസായി ട്രസ്റ്റിൻ്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. ഒട്ടേറെ വാഹനങ്ങളും വാങ്ങി കൂട്ടി. ഫുട്ബോള്‍ ടർഫ് നിർമിക്കുന്നതിനും അനന്തുവിന് പദ്ധതിയുണ്ടായിരുന്നു.
നാഷണല്‍ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്ബനികളുടെ സിഎസ്‌ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടൻസികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനത്തില്‍ വീണവർ അനന്തുകൃഷ്ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.