
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനും വിമർശനം. പാര്‍ട്ടിക്കാര്‍ പൊലീസ് സ്റ്റേഷനുകളിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം ഉണ്ടായി. ജില്ലയിൽ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ലെന്നായിരുന്നു റോഷി അഗസ്റ്റിനെ ഉന്നമിട്ടുള്ള വിമര്‍ശനം.
ജനങ്ങൾക്ക് വാഗ്ദാനങ്ങൾ മാത്രം നൽകുന്നു മന്ത്രിയായി മാറിയെന്നും കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത് കാര്യമായി പ്രയോജനം ചെയ്തില്ലെന്നും സമ്മേളനത്തിൽ വിമര്‍ശനം ഉയര്‍ന്നു. കേരള കോൺഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ല. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും വിമര്‍ശനം ഉണ്ടായി. പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചൽ പോലും എടുക്കുന്നില്ലെന്നും പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.