HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ രൂപം മാറ്റി അനന്തു കൃഷ്ണന്‍; മീശ വടിച്ചു, തല മൊട്ടയടിച്ചു, പ്രമോട്ടര്‍മാര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല

ഇടുക്കി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പരാതികള്‍ വന്നതിന് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്ണന്‍

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പരാതികള്‍ വന്നതിന് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്ണന്‍. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അനന്തു രൂപം മാറ്റിയത്. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ അനന്തു രൂപം മാറ്റിയത്. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്ക് പോലും അനന്തുവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.


അതേസമയം ഇയാള്‍ നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പൊലീസ് നിഗമനം. അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് അനന്തുവിനെതിരെ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 2000 പരാതികളാണ് ഇവിടെ നിന്നും ലഭിച്ചത്. ഇടുക്കിയില്‍ 350, തിരുവനന്തപുരത്ത് 8 പരാതികള്‍ പാലക്കാട്ട് 11 പരാതികളുമാണ് അനന്തുവിനെതിരെയുള്ളത്. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് വിലയിരുത്തല്‍.


വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.


ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.