
പാതിവില സ്കൂട്ടർ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണൻ പണം നല്‍കിയവരെ മാത്രമല്ല വാഹന ഡീലർമാരെയും കബളിപ്പിച്ചു. കമ്പനികള്‍ക്കും വാഹന ഡീലർമാർക്കുമായി ഇയാള്‍ നല്‍കാനുള്ളത് 30 കോടിയോളം രൂപയാണ്. അനന്തു കൃഷ്ണൻ നേതൃത്വം നല്‍കിയ എൻജിഒ കോണ്‍ഫെഡറേഷൻ തട്ടിപ്പു നടത്തിയത് മണി ചെയിൻ മാതൃകയിലാണെന്നും വ്യക്തമായിട്ടുണ്ട്. പാതിവിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുഖ്യപ്രതി അനന്തു കൃഷ്ണൻ വാഹന ഡീലർമാർക്കുള്‍പ്പെടെ നല്‍കാനുള്ളത് കോടികള്‍.
ലാപ്ടോപ്പും തയ്യല്‍ മെഷീനും നല്‍കിയ കമ്പനികള്‍ക്കു നല്‍കാനുള്ളതു കൂടി ചേർത്താൻ 30 കോടി രൂപയോളമാകും. ഇക്കാര്യം പ്രതി തന്നെ പോലീസിനോട് സമ്മതിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഡീലർമാർക്കുള്ള പണ വിതരണം മുടങ്ങി എന്നാണ് അനന്തുവിൻ്റെ വാദം. സ്കൂട്ടറുകളും ലാപ്ടോപ്പുകളും പതിവായി വാങ്ങിയ ബന്ധം ഉപയോഗിച്ച് വായ്പയായും ഡിസ്കൗണ്ട് നിരക്കിലും ഡീലർമാരില്‍ നിന്നും കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി. പണം കിട്ടാതെ വന്നതോടെ ഡീലർമാർ കേസ് നല്‍കി. ഒരു കമ്പനിയില്‍ നിന്നും അനന്തുവിൻ്റെ സ്ഥാപനത്തിലേക്ക് സിഎസ്‌ആർ ഫണ്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ തട്ടിപ്പ് നടന്നത് മണി ചെയിൻ മാതൃകയിലാണെന്നും സൂചനയുണ്ട്.
എൻജിഒ കോണ്‍ഫെഡറേഷൻ്റെ ബൈലോയില്‍ മാറ്റം വരുത്തി വകമാറ്റി ചെലവഴിച്ച പണമാണ് അനന്തകുമാറും ലാലി വിൻസന്റ് ഉള്‍പ്പെടെയുള്ളവർക്ക് കൈമാറിയത്. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. ബിജെപി നേതാക്കളുടെ സഹായത്തോടെ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയെ ഉള്‍പ്പെടെ ആദ്യത്തെ സ്കൂട്ടർ വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. എൻജിഒ കോണ്‍ഫെഡറേഷൻ കൂട്ടായ്മയുടെ കോഡിനേറ്റർ എന്ന പേരിലാണ് അനുകൃഷ്ണൻ ഈ തട്ടിപ്പുകള്‍ എല്ലാം നടത്തിയത്.