GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ഗുപ്ത തലസ്ഥാനത്തെ നയിക്കും

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത. പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. പര്‍വേഷ് വര്‍മ്മ ഉപമുഖ്യമന്ത്രിയാവും. പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്. ഡല്‍ഹി രാംലീലാ മൈതാനിയില്‍ വിപുലമായ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞയില്‍ അരവിന്ദ് കെജ്‌രിവാളിനും അതിഷിക്കും ക്ഷണമുണ്ട്.


ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുന്‍പ് രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച വനിതകള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രേഖ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു.


ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്. അരവിന്ദ്  കെജ്‌രിവാള്‍  രേഖ ഗുപ്തക്ക് ആശംസകള്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്തക്ക് അഭിനന്ദനങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും അവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അവരെ പിന്തുണയ്ക്കും – കെജ്‌രിവാള്‍ വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.