GOODWILL HYPERMART

മരണം ഉറപ്പിക്കാൻ വീണ്ടും ഷോക്കടിപ്പിച്ചു, കിരണിന്‍റേത് ക്രിമിനൽ ബുദ്ധി, ദിനേശന്‍റെ സംസ്കാര ചടങ്ങിനുമെത്തി

ദിനേശന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

പുന്നപ്ര വാടയ്ക്കലിലിലെ ദിനേശന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ കിരണിന്‍റേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും അയൽവാസികള്‍ പറഞ്ഞു. കിരണിന്‍റെ അമ്മയുടെ സുഹൃത്താണ് ദിനേശൻ. അയൽവാസികളായ എല്ലാവരും പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടിലേക്ക് വന്നപ്പോഴാണ് കിരണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോ​ഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്.


മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. നിലവിൽ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്. കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിനേശനെ കൊലപ്പെടുത്തിയ വിവരം കിരണിന്‍റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് ദിനേശനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്മന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.


മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷവും സ്ഥലത്ത് നിന്ന് എഴുന്നേൽക്കാതായതോടെയാണ് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെ അറിയിച്ചത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച കിടക്കുന്നതാണെന്ന് മനസിലായത്. മുറിവേറ്റ പാടുകള്‍ കണ്ടതോടെ സംശയമായെന്നും തുടര്‍ന്ന് പൊലീസിൽ അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും സംഭവത്തിൽ കിരണ്‍ കസ്റ്റഡിയിലാകുന്നതും. 


കിരണിനെ പണ്ടുമുതലെ പരിചയം ഉണ്ട് എന്നാൽ വലിയ അടുപ്പമില്ലെന്നും ദിനേശന്‍റെ മകൻ പറഞ്ഞു. അവര് തമ്മിൽ പ്രശ്നമുള്ളതായി അറിയില്ല. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് വിവരം അറിയുന്നത്. സ്റ്റേഷനിൽ പോയി മൊഴി കൊടുക്കുന്നതിനിടെ കിരണ്‍ വിളിച്ചിരുന്നു. സുഹൃത്താണ് ഫോണ്‍ എടുത്തത്.ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നാണ് കിരണ്‍ ഫോണിൽ പറഞ്ഞത്. കിരണ്‍ മുമ്പും അച്ഛനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കൊലപ്പെടുത്താനുള്ള വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ദിനേശന്‍റെ മകള്‍ പറഞ്ഞു.


അച്ഛന്‍റെ മരണാനന്തര ചടങ്ങിന് കിരണും അവന്‍റെ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു.എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം ഉണ്ടായിരുന്നില്ലെന്നും മകള്‍ പറഞ്ഞു.തലയിലൊക്കെ ചോരയുണ്ടായിരുന്നുവെന്നും മുഖത്തും കയ്യിലുമൊക്കെ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും അപ്പോഴേ കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.


കിരണിന് കറണ്ടിന്‍റെ പണിയൊക്കെ നന്നായി അറിയുന്ന ആളാണ്. എന്താണ് ജോലി എന്ന് അറിയില്ല. ക്രിമിനൽ  ബുദ്ധിയുള്ള പയ്യനാണെന്നും ദിനേശനെ മുമ്പും കിരണ്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും അയൽവാസികള്‍ പറഞ്ഞു. അമ്മയുമായി ദിനേശന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കിരണ്‍ കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.