HONESTY NEWS ADS

പരിക്കൊന്നുമില്ലായിരുന്നു, പോറൽ മാത്രം, നായ ആക്രമിച്ചത് സാവന്‍ വീട്ടിൽ പറഞ്ഞില്ല; 11 വയസുകാരന് കണ്ണീരോടെ വിട നൽകി നാട്

പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 11 വയസുകാരന് കണ്ണീരിൽ കുതിർന്ന വിട നൽകുകയാണ് നാട്

ആലപ്പുഴ ചാരുംമൂട് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 11 വയസുകാരന് കണ്ണീരിൽ കുതിർന്ന വിട നൽകുകയാണ് നാട്. ഷീജ ബിനിൽ ദമ്പതികളുടെ മകൻ സാവൻ ബി കൃഷ്ണയാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സാവന്റെ മൃതദേഹം ചാരുംമൂട്ടിലെ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു സംസ്കാരം. 


ഫെബ്രുവരി ആറിനായിരുന്നു പേ വിഷബാധയുടെ ലക്ഷണങ്ങളോടെ സാവൻ എന്ന പതിനൊന്നു വയസ്സുകാരനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും അവൻ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും കൂട്ടുകാരും നാട്ടുകാരുമൊക്കെ. എന്നാൽ ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു. 


ഒരു പക്ഷെ തെരുവുനായയുടെ കടിയേറ്റത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ കുഞ്ഞ് ജീവൻ നഷ്ടപെടുമായിരുന്നില്ല. രണ്ട് മാസം മുൻപാണ് സാവനെ തെരുവ് നായ ആക്രമിച്ചത്. എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചെറിയ പോറൽ മാത്രം. തെരുവ്നായ ആക്രമിച്ചാൽ ഉണ്ടാകുന്ന വരും വരായ്കകളെ കുറിച്ച് അറിയാത്തത് കൊണ്ടാകാം അവൻ അത് വീട്ടിൽ പറയാതിരുന്നത്. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. 


പനി വന്നതോടെയാണ് ആദ്യം ആശുപത്രിയിൽ പോകുന്നത്. പിന്നീടാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതോടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അച്ഛൻ ബിനിൽ നാട്ടിലെത്തി. ബിനിലും നഴ്സിംഗ് അധ്യാപികയായ ഷീജയും മകൻ ജീവിതത്തിലേക്ക് തിരികെ വരുന്നതും കാത്തിരുന്നു. പക്ഷെ എല്ലാവരെയും നിരാശരാക്കി അവൻ മടങ്ങി. കുഞ്ഞനുജത്തി കൂടി ഉണ്ട് സാവന്. പറയങ്കുളം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. നാടൊന്നാകെ സാവന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS