.jpeg)
രാജകുമാരിയിൽ പട്ടാപകൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന പ്രതി പിടിയിൽ. തമിഴ്നാട് തേനി സ്വദേശിയായ വസന്തകുമാറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വീട്ടമ്മയുടെ മൂന്നര പവനോളം വരുന്ന മാലയാണ് പ്രതി കവർന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.
വസന്തകുമാർ ജോലി അന്വേഷിച്ച് ഇടുക്കിയിൽ എത്തിയതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മൂലത്തറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അതിനിടെ വളരെ ആസൂത്രിതമായി വീട്ടമ്മ ഒറ്റയ്ക്കായിരുന്ന സമയത്ത് പുറത്തിറങ്ങിയ നേരം നോക്കി പതിയിരുന്ന പ്രതി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി നാട്ടുകാർ പ്രതിയെ പിന്തുടരുകയും ഓട്ടോയിൽ കയറി പോയ പ്രതിയെ പൂപ്പാറയ്ക്ക് സമീപം വെച്ച് പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതിയെ നാട്ടുകാർ ശാന്തൻപാറ പോലീസിന് കൈമാറി. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടന്നിരിക്കുന്നത് രാജാക്കാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പ്രതിയെ രാജാക്കാട് പോലീസിന് കൈമാറും.