
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. തൊടുപുഴ ഈസ്റ്റ് കമ്പുംകല്ല് പാമ്പുരുക്കി മാക്കൽ വീട്ടിൽ നിസാർ സിദ്ദിഖ് (42)നെയാണ് ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ ടി. ശ്രീജിത്ത് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെ ഇടുക്കി ദേവികുളം സ്വദേശി കാൻസർ വാർഡിന് സമീപം ചാർജുചെയ്യുന്നതിന് കുത്തിയിട്ട 12,000 രൂപ വിലവരുന്ന ഫോൺ നഷ്‌ടപ്പെട്ടതിനെതുടർന്ന് എയ്‌ഡ് പോസ്റ്റിലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണുമായി ഇയാൾ പിടിയിലായത്
പരിശോധനയിൽ ബാഗിൽനിന്ന് മറ്റു മൂന്ന് ഫോണുകൾ കൂടി കണ്ടെടുത്തു. ഒരുമാസമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തമ്പടിച്ച് മോഷണം നടത്തിവരികയായിരുന്നു. തൊടുപുഴ സ്റ്റേഷനിലെ സമൂഹവിരുദ്ധ പട്ടികയിൽപ്പെട്ട നിസാർ തൊടുപുഴ, കാഞ്ഞാർ, കരിങ്കുന്നം, മേപ്പാടി, മൂവാറ്റുപുഴ, കോഝംഗലം, കുട്ടമ്പുഴ, കാളിയാർ, കുറുപ്പുംപടി, പോത്താനിക്കാട്, നടക്കാവ് എന്നീ സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മെഡിക്കൽ കോളേജ് എയ്‌ഡ് പോസ്റ്റിലെ എസ്.ഐ. സന്തോഷ് പി.കെ, സി.പി.ഒ.മാരായ വിഷ്‌ണുരാജ്, അഭിജിത്ത് ശിവൻ, കെ.ജെ. വിഷ്ണു എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.