
പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി. എസ് ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽനിന്നവരെ ആകാരണമായി മർദിച്ചത്. സ്ത്രീകൾക്ക് ഉൾപ്പടെയുള്ളവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മർദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിവാഹറിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മർദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.
ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ വിവാഹസംഘത്തിലുണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു. അതിക്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്തിരുന്നു.