.png)
ചാലക്കുടി ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ മോഷണ ശ്രമം പുനരാവിഷ്കരിച്ച് പൊലീസ്. പ്രതിയുമായി ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. മൂന്ന് മിനിറ്റിൽ 15 ലക്ഷം കവർച്ച നടത്തിയ സംഭവമാണ് പൊലീസ് പുനരാവിഷ്കരിച്ചത്. കവർച്ച നടക്കുന്ന സമയത്ത് രണ്ട് പേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പ്രതി മൊഴിയിൽ പറഞ്ഞിരുന്നു. ആക്രമണത്തിനിരയായ ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
അതേ സമയം, റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്നും കവര്‍ന്നത്. കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. കടം വീട്ടിയ തുകയാണ് തിരികെ ലഭിച്ചത്. തുക ലഭിച്ചയാളാണ് പൊലീസിനെ പണം തിരിച്ചേല്‍പ്പിച്ചത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.
മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിയതും വച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.