HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അനന്തു കൃഷ്‌ണയുടെ തട്ടിപ്പില്‍ ഇടുക്കിയില്‍ മാത്രം മറിഞ്ഞത്‌ കോടികള്‍

അനന്തു കൃഷ്‌ണയുടെ തട്ടിപ്പില്‍ ഇടുക്കിയില്‍ മാത്രം മറിഞ്ഞത്‌ കോടികള്‍

വനിതകള്‍ക്ക്‌ പകുതിവിലയ്‌ക്ക് ഇരുചക്രവാഹനം നല്‍കുന്ന പദ്ധതി ഉള്‍പ്പെടെ കര്‍ഷകര്‍ക്കും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ജില്ലയില്‍നിന്നും സാധാരണക്കാരില്‍നിന്നും തട്ടിയെടുത്തത്‌ കോടികള്‍. വനിതകള്‍ക്ക്‌ ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി സീഡ്‌ സൊസൈറ്റികള്‍ മുഖേന കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തതോടെ ജില്ലയില്‍ വിവിധ പോലീസ്‌ സേ്‌റ്റഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്തെത്തി. 


തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചക്കലത്തുകാവ്‌ ക്ഷേത്രത്തിന്‌ സമീപം ചൂരകുളങ്ങര അനന്തു കൃഷ്‌ണ (28) നെയാണ്‌ മൂവാറ്റുപുഴ പോലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്‌. വലിയ കമ്പനികളുടെ സാമൂഹിക സുരക്ഷാനിധി (സി.എസ്‌.ആര്‍. ഫണ്ട്‌) ഉപയോഗിച്ച്‌ ഇരുചക്ര വാഹനമടക്കം നിരവധി കാര്‍ഷിക ഉപകരണങ്ങളും കൃഷിക്കാവശ്യമായ വളങ്ങളും നല്‍കുന്ന പദ്ധതിയാണു നടപ്പാക്കിയത്‌. അനന്തു കൃഷ്‌ണയെ അറസ്‌റ്റ് ചെയ്‌തതോടെ നിരവധി പേരാണ്‌ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌.

 

നെടുങ്കണ്ടം പോലീസ്‌ സേ്‌റ്റഷനില്‍ മാത്രം 400 ഓളം പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്‌. ഇത്‌ മാത്രം രണ്ട്‌ കോടിയിലധികം രൂപയുണ്ട്‌. സീഡ്‌ സൊസൈറ്റി വഴി മാത്രം നടപ്പാക്കുന്ന പദ്ധതിയില്‍ ഗുണഭോക്‌താക്കളാകണമെങ്കില്‍ ആദ്യം 300 രൂപ അടച്ച്‌ സൊസൈറ്റിയില്‍ അംഗത്വം എടുക്കണമായിരുന്നു. ഇത്തരത്തില്‍ അംഗത്വമെടുത്ത്‌ അപേക്ഷയോടൊപ്പം ഏതു സാധനമാണോ ആവശ്യം അതിന്റെ പകുതി തുക അപ്പോള്‍തന്നെ അടയ്‌ക്കണം. ഇത്തരത്തില്‍ ഇരുചക്ര വാഹനം, കാര്‍ഷികോപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്കായി പണമടച്ചവരാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. ഇതിന്‌ പഞ്ചായത്തടിസ്‌ഥാനത്തില്‍ നേതൃത്വം നല്‍കുന്നത്‌ പ്രമുഖ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളാണ്‌. 


ഓരോ പഞ്ചായത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രമോട്ടര്‍മാരാണു തുക സമാഹരിച്ചത്‌. പഞ്ചായത്തംഗങ്ങള്‍, മുന്‍ പഞ്ചായത്ത്‌ അംഗങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും ഉത്തരവാദിത്വപ്പെട്ട രാഷ്ര്‌ടീയ നേതാക്കളും വരെ ഇതിന്റെ ഭാഗമാണ്‌. ഇവര്‍ വാങ്ങിയ തുകയ്‌ക്ക് യാതൊരു രേഖയും നല്‍കിയിട്ടില്ല എന്നതും തട്ടിപ്പിന്റെ ആക്കം കൂട്ടുന്നു. ഒരു സ്‌കൂട്ടിക്ക്‌ ഒരാളില്‍നിന്ന്‌ 50,000 മുതല്‍ 60,000 രൂപ വരെയാണ്‌ വാങ്ങിയത്‌. ഈ തുക മുഴുവന്‍ അനന്തു കൃഷ്‌ണന്റെ പേരിലുള്ള സ്വകാര്യ കമ്പനികളുടെ അക്കൗണ്ടിലേക്കാണ്‌ ഇട്ടതെന്നാണ്‌ തുക വാങ്ങിയ പ്രമോട്ടര്‍മാര്‍ പറയുന്നത്‌. 


ആളുകളില്‍ നിന്ന്‌ പിരിച്ചെടുത്ത തുകയുടെ ഒരംശം കൊണ്ട്‌ കുറച്ചുപേര്‍ക്ക്‌ കമ്ബനികളില്‍ പണമടച്ച്‌ വാഹനങ്ങളും, മറ്റും വിതരണം ചെയ്‌തതോടെ സീഡ്‌ സൊസൈറ്റിക്ക്‌ വിശ്വാസ്യതയേറി. ഇതോടെയാണ്‌ ആവശ്യക്കാര്‍ ഏറിയത്‌ ഇത്‌ മുതലെടുത്ത്‌ സ്‌കൂള്‍, ഓണ കിറ്റുകള്‍ എന്നിവയും നടപ്പാക്കി സീഡ്‌ സൊസൈറ്റി ജനശ്രദ്ധയാകര്‍ഷിച്ചു.  ഇതെല്ലാം മുതലാക്കിയാണ്‌ താഴേ തട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്‌ വന്‍ തുക തട്ടിയതെന്നാണ്‌ ലഭിക്കുന്ന വിവരം. പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ പ്രമുഖ പാര്‍ട്ടികളുടെ ഉത്തരവാദിത്വപ്പെട്ട സ്‌ഥാനങ്ങള്‍ വഹിക്കുന്നവരോട്‌ പാര്‍ട്ടിനേതൃത്വങ്ങള്‍ വിശദീകരണം തേടാനും നടപടിയെടുക്കാനും സാധ്യതയുണ്ട്‌.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.