
ഇടുക്കി വണ്ടിപ്പെരിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. മൂന്നു വയസ്സുള്ള സജിനി, അഞ്ചു വയസ്സുള്ള നിഹയി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശിയായ ശരവണന്റെ മകള്‍ മൂന്നു വയസ്സ് പ്രായമുള്ള സജിനി മാതാപിതാക്കള്‍ക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡ് അരികില്‍ നില്‍ക്കുന്ന സമയത്തായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് നായ കടിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കാണ് കുട്ടിക്ക് ഏറ്റിരിക്കുന്നത്. ഇതിനുശേഷമാണ് വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് സമീപം നിന്നിരുന്ന വള്ളക്കടവ് സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിക്ക് തെരുവിനായയുടെ ആക്രമണം ഉണ്ടായത്. വള്ളക്കടവില്‍ താമസിക്കുന്ന ആലോഗിന്റെ മകള്‍ അഞ്ചു വയസ്സ് പ്രായമുള്ള നിഹയിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തുടർന്ന് ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.