HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അയൽക്കാരന്റെ അപവാദങ്ങളിൽ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു, പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്ന് കുടുംബം

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് ഇന്ന് രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപവാദത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും  സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാൻ പോലും ശ്രമിച്ചില്ലെന്നും സഹോദരൻ പ്രവീൺ കുറ്റപ്പെടുത്തുന്നു.


ഭർത്താവ് വിദേശത്തായിരുന്നതിനാൽ പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും പ്രവീൺ ആരോപിക്കുന്നു. നാട്ടുകാരുടെയും ഭർതൃവീട്ടുകാരുടെയും അപവാദങ്ങളിൽ കുറച്ച് ദിവസങ്ങളായി മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരി. 


ഒരാൾ പതിവായി മൊബൈല്‍ ഫോണില്‍ മോശം സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇയാളെ പലതവണ ബ്ലോക്ക് ചെയ്തു. ഇതിലുള്ള വൈരാഗ്യത്തിൽ സമീപവാസിയായ ഇയാളാണ് പ്രവീണയെ കുറിച്ച് അപവാദങ്ങൾ പറഞ്ഞ് തുടങ്ങിയതെന്ന് സഹോദരന്‍ പറയുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടു. അപകടത്തിൽ സഹോദരിക്ക് പരിക്കേറ്റു.  ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും സഹോദരന്‍ ആരോപിച്ചു.


എന്നാൽ, മരിച്ച വിവരം മാത്രമാണ് അറിഞ്ഞതെന്നും വീട്ടുകാർ ഇതിന് മുമ്പ് പരാതിയൊന്നും നൽകിയിട്ടില്ലെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറയുന്നു. പ്രവീണയുടെ കൈയ്യിൽ പരുക്കേറ്റിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാൽ ഇത് ചൂണ്ടിക്കാട്ടി ആർക്കെതിരെയും നേരത്തെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്ന് യുവതിയുടെ ഭർത്താവ് വിദേശത്ത് നിന്നും എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS