
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യു സ്ഥിരം കൈക്കൂലി വീരനെന്ന് പരാതിക്കാരനായ മനോജ്. പണത്തോട് ഇത്രയേറെ ആക്രാന്തമുള്ള ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് മനോജ് പറഞ്ഞു. 2013 മുതല്‍ അലക്സ് തന്നിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ഒടുവില്‍ വീട്ടില്‍ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും മനോജ് വ്യക്തമാക്കി.
ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് അലക്സ് തന്റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തിരികെ നൽകിയിട്ടില്ലെന്നും മനോജ് പറയുന്നു. കൊല്ലം കടയ്ക്കലിൽ ആദ്യം വന്ന ഗ്യാസ് ഏജൻസിയായ വൃന്ദാവന്‍ ഏജന്‍സീസ് മനോജിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ ഈ പ്രദേശത്ത് മൂന്ന് ഏജന്‍സികൾ കൂടി വന്നു. ഒരു ഏജന്‍സി പുതിയതായി വരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്‌സ് മാത്യുവിന്റേതാണ്.
50, 000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25,000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് അലക്സ് വിഭജിച്ച് നല്‍കി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുൻപ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ മനോജ് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോള്‍ പണം നൽകണം എന്ന് അലക്‌സ് മനോജിനോട് പറഞ്ഞിരുന്നു. തത്കാലം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് അലക്‌സിനെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് പണം വാങ്ങിയപ്പോൾ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുകയും അലക്‌സിനെ തെളിവോടെ പിടികൂടുകയും ചെയ്യുകയായിരുന്നു.