
ക്രമസമാധാന പാലനത്തിനായി എത്തിയ എസ്‌ഐ അടങ്ങുന്ന പോലീസ് സംഘത്തിന് നേരേ ബസ് ഡ്രൈവറുടെ ഗുണ്ടാ ആക്രമണം. എസ്‌ഐ കെ. രാജേഷ്കുമാർ (50), സിവില്‍ പോലീസ് ഓഫീസർ സൈനു (48) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ ചെങ്കര സ്വദേശി ശർമൻദുരൈ (42) അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ വലിയകണ്ടം കോളനിയിലാണ് സംഭവം. കാറുമായി എത്തിയ ഇയാള്‍ താമസിക്കുന്ന വാടക വീടിന് മുന്നില്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എസ്‌ഐ യുടെ നേതൃത്വത്തില്‍ പോലീസ് എത്തിയത്. ഇയാള്‍ ഓടിച്ചുവന്ന കാർ റോഡിനു കുറുകെയിട്ട് ഗതാഗതാഗതവും തടസപ്പെടുത്തിയിരുന്നു.
പോലീസിന്‍റെ നിർദേശങ്ങള്‍ പാലിക്കാതെ വന്നതോടെ ഇയാളെ പോലീസ് ജീപ്പില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് പോലീസിനെ ഇയാള്‍ ആക്രമിച്ചത്.പോലീസുകാരെയെല്ലാം ഇയാള്‍ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. എസ്‌ഐക്കും പോലീസുകാരനും മുഖത്ത് കാര്യമായ ക്ഷതമുണ്ട്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പോലീസ് ജീപ്പില്‍ കയറ്റിയത്. മൂന്നു മാസം മുൻപ് കുമളി വണ്ടൻമേട് ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ സമാനമായ പ്രശ്നം ഉണ്ടാക്കിയ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസിനെ അന്നും ഇയാള്‍ ആക്രമിച്ചിരുന്നു.