
സാമ്പത്തിക വർഷത്തിൻ്റെ അവസാന വാരത്തിൽ ബാങ്കിംഗ് മേഖലയിൽ പ്രതിഷേധ സമരം വരുന്നു. മാർച്ച് 24,25 (തിങ്കൾ, ചൊവ്വ) തീയതികളിലാണ് ബാങ്ക് ജീവനക്കാരുടെ നിരവധി സംഘടനകൾ ചേർന്ന് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിനങ്ങൾ അവധി ദിവസത്തോട് ചേർന്ന് വരുന്നതിനാൽ ഫലത്തിൽ നാല് ദിവസം ബാങ്ക് ഇടപാടുകളിൽ തടസം നേരിടും. ഓഫീസർമാർ ഉൾപ്പടെയുള്ള ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുക്കും
പ്രതിഷേധിക്കാൻ 9 യൂണിയനുകൾ
യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസ് ആണ് രാജ്യ വ്യാപകമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളത്. ഓൾ ഇന്ത്യ ബാങ്ക് എപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ‌്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ‌് എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറത്തിലുള്ളത്.
ജീവനക്കാരുടെ ആവശ്യങ്ങൾ
കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകളുടെ പ്രതിഷേധം. എല്ലാ തസ്‌തികകളിലും കൂടുതൽ നിയമനം നടത്തുക, താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിംഗ് മേഖലയിൽ പ്രവൃത്തി ദിനങ്ങൾ ആഴ്‌ചയിൽ 5 ദിവസമാക്കുക തുടങ്ങിയവാണ് പ്രധാന ആവശ്യങ്ങൾ. ഈ മാസം 31 ന് മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയാണെങ്കിലും സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിനത്തിൽ ജീവനക്കാർ ബാങ്കിൽ എത്തണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.