
വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊലപാതകത്തിൻ്റെ കാരണം തിരക്കി പൊലീസ്. ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് ഫെബിൻ്റെ മാതാവ് പൊലീസിന് മൊഴി നൽകി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിൻ്റെ മാതാവ് നൽകിയ മൊഴിയിലുണ്ട്. തേജസ് മകൾക്കൊപ്പം പഠിച്ചിട്ടുണ്ട്. തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇത് വീട്ടുകാർ വിലക്കിയിരുന്നു. ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോയെന്നും സംശയമുണ്ട്. കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഉടൻ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം, ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിലേക്കെത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ് ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോൾ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. ഉടൻ കത്തിയെടുത്ത് ഫെബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും ആക്രമണത്തിൽ പരിക്കേറ്റു.
പിന്നീട് കത്തി ഉപേക്ഷിച്ച് കാറിൽ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിർത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു