HONESTY NEWS ADS

 HONESTY NEWS ADS


ഭൂപ്രശ്നങ്ങൾക്കെതിരേ ഇടുക്കി രൂപത; ഇടുക്കി കളക്ടറേറ്റിലേക്ക് ബഹുജന കർഷക പ്രതിഷേധ മാർച്ച് ഇന്ന്

ഇടുക്കി കളക്ടറേറ്റിലേക്ക് ബഹുജന കർഷക പ്രതിഷേധ മാർച്ച് ഇന്ന്

അനിയന്ത്രിതമായി വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, വർധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നിർമാണ നിരോധനം ഉള്‍പ്പെടെയുള്ള ഭൂപ്രശനങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, വന വിസ്തൃതി വ്യാപന നീക്കങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തില്‍ കർഷകർ ഇന്ന് ഇടുക്കി കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.


കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വിലത്തകർച്ചയും മൂലം നട്ടം തിരിയുന്ന കർഷകർ നിലനില്‍പ്പിനായി ബുദ്ധിമുട്ടുന്പോള്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണം കർഷകരുടെ ജീവിതം തകർക്കുകയാണ്.


കേരളത്തില്‍ വനപ്രദേശത്തോട് ചേർന്ന 400ലധികം പഞ്ചായത്തുകളില്‍ ഒന്നരക്കോടിയിലധികം ജനങ്ങളാണ് അധിവസിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലെല്ലാം വന്യമൃഗ ആക്രമണം മൂലം കൃഷി നടത്താനാവാത്ത ദുർഗതിയാണ്. ഓരോ ദിവസവും ഒട്ടനവധി വന്യജീവി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


വന്യമൃഗ ആക്രമണം പരിഹരിക്കുന്നതിനുള്ള ശാശ്വതമായ ഒരു നടപടിയും നടപ്പിലാക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി കർഷകരെ കൊല്ലുന്നത് കണ്ടില്ലെന്നു നടക്കുന്ന സർക്കാരിനു കർഷക പ്രതിഷേധ മാർച്ച്‌ താക്കീതാകുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.


പൈനാവില്‍നിന്നു ജില്ലാ കളക്‌ടറേറ്റിലേക്ക് നടക്കുന്ന കർഷക പ്രതിഷേധ മാർച്ച്‌ ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്‍റ് ജോർജ് കോയിക്കലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിഷേധ സമ്മേളനം ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.


ഫാ. ഫ്രാൻസിസ് ഇടവകണ്ടം സമര സന്ദേശം നല്‍കും. സിജോ ഇലന്തൂർ, ജോർജുകുട്ടി പുന്നക്കുഴി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത സെക്രട്ടറി കെ.യു. ബിനോയ്, ഫാ. ജോസ് ചിറ്റടിയില്‍, ഫാ. ജിൻസ് കാരക്കാട്ട്, കെസിവൈഎം രൂപത പ്രസിഡന്‍റ് സാം മാത്യു, സിഎംഎല്‍ രൂപത പ്രസിഡന്‍റ് സെസ്‌സില്‍ ജോസ് എന്നിവർ പ്രസംഗിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS