
ഏലത്തോട്ടത്തില്‍ പുലിയുടെ മുന്നില്‍നിന്ന് തൊഴിലാളികള്‍ തലനാരിഴക്കു രക്ഷപ്പെട്ടു. പുലി കിടന്നിരുന്നതിനു തൊട്ടുത്ത് തൊഴിലാളികള്‍ കൊണ്ടുവന്ന ഭക്ഷണസഞ്ചി വയ്ക്കാനെത്തിയപ്പോള്‍ പുലിയുടെ മുരള്‍ച്ച കേട്ടാണ് ആറംഗ സ്ത്രീത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത്. കുമളി അട്ടപ്പള്ളത്ത് ഏലത്തോട്ടത്തിലാണ് സംഭവം. രാവിലെ എട്ടരയോടെ പണിക്കെത്തിയ സ്ത്രീ തൊഴിലാളികളുടെ സംഘത്തിന്‍റെ ഭക്ഷണ സഞ്ചികള്‍ തൊഴിലാളികളിലൊരാളായ എലിസബത്ത് മരച്ചുവട്ടിലേക്കു വച്ചു. അപ്പോഴാണ് മൃഗത്തിന്‍റെ മുരള്‍ച്ച കേട്ടത്.
മുരള്‍ച്ച ആവർത്തിക്കപ്പെട്ടപ്പോള്‍ ജോലിക്കുവന്ന മറ്റൊരു തൊഴിലാളി ഷെമിയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ഇവരെ നോക്കി മുരളുന്ന പുലിയെക്കണ്ടത്. കിടക്കുകയായിരുന്ന പുലി തല ഉയർത്തി നോക്കിയെന്നും തൊഴിലാളികള്‍ പറയുന്നു. ഇവർ ഭയന്നു നിലവിളിച്ചോടി രക്ഷപ്പെടുകയായിരുന്നു. ഒരു മാസം മുൻപ് ഈ ഏലക്കാടിന്‍റെ തൊട്ടടുത്തുള്ള മങ്ങാട്ടുതാഴത്ത് എം.വി. ചാക്കോയുടെ വീട്ടുമുറ്റത്തും പലിയെ കണ്ടിരുന്നു. അന്ന് വിറകു വെട്ടിക്കൊണ്ടിരുന്ന ശേഖറാണ് പുലിയെ കണ്ടത്. ഈ പ്രദേശത്ത് പുലി സാന്നിധ്യം പതിവായതോടെ തോട്ടങ്ങളില്‍ ജോലിക്കിറങ്ങാൻ തൊഴിലാളികള്‍ ഭയപ്പെടുകയാണ്.