
തിരുവനന്തപുരം കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സ്വകാര്യ ആംബുലൻസ് ഡ്രൈവർ മർദിച്ചെന്ന് പരാതിക്ക് പിന്നാലെ പ്രതിഷേധവുമായി ഡോക്ടർമാർ. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. മതിയായ പണം കൈവശമില്ലാത്തതിനാൽ 108 ആംബുലൻസ് വിളിച്ചു വിട്ടുതരാൻ രോഗി ആവശ്യപ്പെട്ടു. അതനുസരിച്ച് ഡോക്ടർ ജസ്റ്റിൻ 108 ൽ വിളിച്ചു. ഈ സമയം ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർ ഇതിനെ ചോദ്യം ചെയ്യുകയും ഡോക്ടറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നാണ് പരാതി.
ആംബുലൻസ് ഡ്രൈവറുടെ കയ്യേറ്റത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെയാണ് കെ ജി എം ഒയുടെ ആഭിമുഖ്യത്തിൽ ഇന്ന് കന്യാകുളങ്ങര സി എച്ച് സിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.