.jpeg)
വേനലിന്റെ ആരംഭത്തില്‍ തന്നെ ചൂട് വർദ്ധിക്കുന്നതും വേനല്‍ മഴയുടെ കുറവും ഏലം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മുൻവർഷത്തെ വേനലിലെ വ്യാപക കൃഷി നാശമാണ് കർഷകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഹൈറേഞ്ചിലെ പല മേഖലകളിലും ഏലത്തോട്ടങ്ങളില്‍ വരള്‍ച്ച ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവിധ രോഗബാധകള്‍ മൂലമുള്ള ഉത്പാദന ഇടിവിന് പുറമെയാണ് വേനല്‍ചൂട് പ്രഹരം ഏല്‍പ്പിക്കുന്നത്. വേനല്‍ ചൂടുമൂലം ഉണ്ടാകാൻ സാദ്ധ്യതയുള്ള കൃഷിനാശം ചെറുക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് കർഷകർ. പല ഏലത്തോട്ടങ്ങള്‍ക്ക് മുകളിലും പച്ച നെറ്റ് വിരിച്ചു കഴിഞ്ഞു. സമൃദ്ധമായി തന്നെ ജലസേചനവും ആരംഭിച്ചു. വേനല്‍ ചൂട് മുന്നില്‍ കണ്ട് ഇക്കുറി ഭൂരിഭാഗം തോട്ടങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ കർഷകർ വെട്ടിയിട്ടില്ല. വേനല്‍ മഴയ്ക്കായി കാർമേഘം ഇരുണ്ടു കൂടിയിരുന്നെങ്കിലും കർഷകരുടെ പ്രതീക്ഷകള്‍ അകലെയാണ്. വളരെ കുറഞ്ഞതോതില്‍ മാത്രമേ പല മേഖലകളിലും മഴ ലഭിക്കുന്നുള്ളൂ. ചിലയിടങ്ങളില്‍ ചാറി പോയപ്പോള്‍ മറ്റിടങ്ങളില്‍ മിനിറ്റുകള്‍ മാത്രം ദൈർഘ്യമേറിയതായ മഴ മാത്രമാണ് ലഭിച്ചത്. വരുംദിവസങ്ങളിലെങ്കിലും വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാൗണ് ഹൈറേഞ്ചിലെ ഏലം കർഷകർ. ഇക്കുറിയും വേനല്‍ മഴയ്ക്ക് കുറവുണ്ടായാല്‍ ഏലം കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചെടി തന്നെയാകും നേരിടേണ്ടി വരിക.
വിലയും ആശങ്കാജനകം
ഉത്പാദനവും വിളവും കുറഞ്ഞപ്പോള്‍ വില നേരിയതോതില്‍ ഉയർന്നതല്ലാതെ കർഷകർക്ക് ആശ്വാസ വിലയിലേക്ക് എത്തിയിട്ടില്ല. 2800 മുതല്‍ 3000 രൂപ വരെ മാത്രമാണ് കമ്ബോളത്തില്‍ ഏലക്കായ്ക്ക് ഇപ്പോള്‍ വില ലഭിക്കുന്നത്. വൻകിട കമ്പനികളും ലേല ഏജൻസികളും ലേല കേന്ദ്രങ്ങളില്‍ ഗുണനിലവാരം ഇല്ലാത്ത ഏലയ്ക്ക എത്തിച്ച് കുറഞ്ഞവില കാണിക്കുകയും ഇത് വിലയിടിവിന് കാരണമാവുകയും ചെയ്യുന്നെന്നും കർഷകർ പറയുന്നു. ലേലത്തില്‍ പതിഞ്ഞ ഏലയ്ക്ക തന്നെ വീണ്ടും ലേലത്തിന് എത്തിച്ച് ഉത്പാദനം ഉയർത്തി കാണിച്ച് വിലയിടിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ലേല ഏജൻസികള്‍ തട്ടിപ്പ് നടത്തുമ്ബോള്‍ സാധാരണക്കാരായ കർഷകർക്കാണ് ഇരുട്ടടിയുണ്ടാകുന്നത്.
സഹായക ഘടകങ്ങള്‍ക്ക് വിലയിരട്ടി
മുൻവർഷം ഉഷ്ണ തരംഗം മൂലം ഹക്ടർ കണക്കിന് ഏലത്തോട്ടങ്ങള്‍ ഉണങ്ങി നശിച്ചതു കൊണ്ടു തന്നെ കർഷകർ ഇത്തവണത്തെ വേനലിനെ തടുക്കാൻ ഗ്രീൻ നെറ്റുകള്‍ ഉപയോഗിക്കുമെന്ന് കമ്ബനികള്‍ക്കും ഉറപ്പായിരുന്നു. ഇതോടെ ഗ്രീൻ നെറ്റിന്റെ വില കുതിച്ചുയർന്നു. ജലസേചനത്തിന് ഉപയോഗിക്കുന്ന ഹോസിന്റെ വിലയും ഉയർന്നു. 2019 കളില്‍ ഏലയ്ക്കാവിലയില്‍ ഉണ്ടായ റെക്കോർഡ് കണക്കിലെടുത്ത് കീടനാശിനി വില മൂന്നിരട്ടിയായി ഉയർന്നിരുന്നു. അതോടൊപ്പമാണ് തൊഴിലാളികളുടെ കൂലി വർദ്ധനവും ഉണ്ടായത്. ഇതെല്ലാം ചെറുകിട ഏലം കർഷകരെയാണ് ദുരിതത്തിലാക്കുന്നത്.