GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ലോകത്തിന് ആശങ്കയായി വീണ്ടും യുദ്ധ സാഹചര്യം, അടിച്ചും തിരിച്ചടിച്ചും ഇസ്രായേലും ലെബനനും, സംഘർഷം രൂക്ഷമാകുന്നു

ഇസ്രായേൽ - ലെബനൻ സംഘർഷം രൂക്ഷമാകുന്നു

ലോകത്തിന് മുന്നിൽ മറ്റൊരു യുദ്ധമെന്ന ആശങ്കയുയർത്തി ഇസ്രായേൽ - ലെബനൻ സംഘർഷം രൂക്ഷമാകുന്നു. രണ്ട് രാജ്യങ്ങളും അടിയും തിരിച്ചടിയും തുടരുന്നതാണ് ആശങ്ക വർധിക്കാൻ കാരണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് വ്യോമാക്രമണം നടത്തിയതിനുള്ള മറുപടിയായി ഇസ്രയേൽ കനത്ത തിരിച്ചടിയാണ് ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്നത്. തെക്കൻ ലബനനിലെ രണ്ട് നഗരങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ഇതിന് പിന്നാലെ ഇസ്രയേലിന് കനത്ത മുന്നറിയിപ്പുമായി ലെബനനും രംഗത്തെത്തിയതോടെ യുദ്ധ സാഹചര്യം മുറുകുകയാണ്. ഇസ്രായേലിന്‍റെ ആക്രമണങ്ങൾ രാജ്യത്തെ പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നാണ് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞത്. അനാവശ്യമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നും നവാഫ് സലാം പറഞ്ഞു. ഇസ്രായേലിന്‍റെ ആക്രമണങ്ങൾ രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷാ, സൈനിക നടപടികൾ സ്വീകരിക്കണമെന്നും ലെബനൻ പ്രധാനമന്ത്രി നിർദേശം നൽകി. ഗാസയിൽ ഇസ്രയേൽ യുദ്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് ലെബനനുമായും സംഘർഷം കനക്കുന്നത്.


ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഒരു സംഘടനയും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ലെബനൻ സർക്കാരാണ് ഉത്തരവാദികളെന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രി തന്നെ ഇക്കാര്യം ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. ഒരു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിച്ച് മൂന്ന് മാസമാകുമ്പോളാണ് മേഖലയിൽ വീണ്ടും യുദ്ധ സാഹചര്യം ശക്തമായത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.