
കട്ടപ്പന കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. എ.കെ.ജി പടി സ്വദേശി പൂവത്തുംമൂട്ടില്‍ ഷിജിനാണ് (24) പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഘത്തില്‍പെട്ട എ.കെ.ജി പടി പൂവത്തുംമൂട്ടില്‍ ശ്രീജിത്ത് (22), നിർമലാസിറ്റി പുതുശേരിക്കുടിയില്‍ അജിത്ത് (29), വാഴവര വിരുപ്പില്‍ ബിനീഷ് (26), സഹോദരൻ വിഷ്ണു (27), വാഴവര പാറയ്ക്കല്‍ നന്ദു (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഷിജിന്റെ സഹോദരൻ ഷിബിൻ (26) പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ അഞ്ചിന് അർദ്ധരാത്രിയാണ് മദ്യലഹരിയില്‍ ഇവർ പൊലീസുകാരെ ആക്രമിച്ചത്. കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒമാരായ രാഹുല്‍ മോഹൻദാസ്, അല്‍ബാഷ്, ജിലൂബ്, ബിബിൻ എന്നിവർക്ക് പരിക്കേറ്റിരുന്നു.