GOODWILL HYPERMART

ഇടുക്കിയിൽ അഗ്നിരക്ഷാസേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്

ഇടുക്കി സ്വദേശികളായ വനിതാ ഫയർ ഓഫീസർമാർ എത്തി അഗ്നിരക്ഷാസേനയ്ക്ക് കരുത്ത് പകരാൻ

ദുരന്തമുഖത്ത് രക്ഷകരാകുന്ന ഇടുക്കിയിലെ അഗ്നിരക്ഷാ സേനയുടെ പെണ്‍കരുത്താണ് ജിനുമോള്‍, അഞ്ജു, ശ്രീലക്ഷ്മി, മെറിൻ എന്നിവർ.സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി അഗ്നിരക്ഷാസേനയില്‍ ഫയർ വുമണ്‍മാരെ നിയമിക്കാൻ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍തന്നെ സേനയുടെ ഭാഗമായി തീർന്നവരാണ് ഇവർ. ഇടുക്കി ഫയർസ്റ്റേഷനില്‍ ജോലി ചെയ്യുന്ന നാലു പേരും ഈ ജോലി സ്വയം തെരഞ്ഞെടുത്താണ് കർമരംഗത്തെത്തിയത്. ഇവരോടൊപ്പം അഞ്ചാമതായി അഞ്ജന കൂടി ഇടുക്കിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഇപ്പോള്‍ ഫയർ അക്കാദമിയില്‍ പരിശീലകയുടെ റോളിലാണ്.


സംസ്ഥാനത്ത് 1963ല്‍ അഗ്നിരക്ഷാസേന രൂപീകൃതമായെങ്കിലും കഴിഞ്ഞ വർഷം മാത്രമാണ് സേനയ്ക്ക് കരുത്തു പകരാൻ വനിതാ ഫയർ ഓഫീസർമാർ എത്തിയത്. പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിലെല്ലാം വനിതകളുണ്ടെങ്കിലും ഫയർ സർവീസില്‍ പുരുഷൻമാർ മാത്രമാണ് സേവനം ചെയ്തിരുന്നത്. ഇതിനു വിരാമമിട്ടാണ് 82 വനിതകള്‍ കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസ് അക്കാദമിയില്‍ ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി വിവിധ സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ടത്. ഇവിടെ നിന്നുള്ള അഞ്ചു പേരാണ് ഇടുക്കി സ്റ്റേഷനില്‍ ചുമതലയേറ്റത്. ജില്ലയില്‍ ഇവിടെ മാത്രമാണ് വനിതാ ഫയർ ഓഫീസർമാരുള്ളതെന്ന പ്രത്യേകതയുമുണ്ട്. വാഴത്തോപ്പ് സ്വദേശി എൻ.വി. ജിനുമോള്‍, കട്ടപ്പന സ്വദേശി ശ്രീലക്ഷ്മി കാർത്തികേയൻ, കാഞ്ഞാർ സ്വദേശിയായ അഞ്ജു രവി, വാഴത്തോപ്പ് മുളകുവള്ളി സ്വദേശി മെറിൻ ജോസഫ് എന്നിവരാണ് നിലവില്‍ ഇടുക്കി ഫയർസ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. മലപ്പുറം സ്വദേശിനി എം.ടി. അഞ്ജന ഇവിടെ ജോലിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് ഫയർ അക്കാദമിയില്‍ പരിശീലകയായി മാറുകയായിരുന്നു.


ഉറച്ച കാല്‍വയ്പോടെയും ഏറെ ഇഷ്ടത്തോടെയുമാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നാണ് ഈ വനിതാ ഫയർ ഓഫീസർമാർ പറയുന്നത്. ആദ്യമായി ലഭിച്ച ജോലിയെക്കുറിച്ച്‌ പറയുന്പോള്‍ ഇവരുടെ മനസില്‍ നിറയുന്നത് ആത്മസംതൃപ്തിയാണ്. കായികക്ഷമതാ പരിശോധനയുടെയും 50 മീറ്റർ നീന്തലിന്‍റെയും കടന്പ പിന്നിട്ടാണ് ഫയർവുമണ്‍ ജോലിക്കായി ഇവർ യോഗ്യത നേടിയത്. പിന്നീട് ആറു മാസം ഫയർ അക്കാദമിയിലും തുടർന്ന് ഫയർസ്റ്റേഷനിലും കഠിന പരിശീലനത്തിന്‍റെ നാളുകളായിരുന്നു. സ്കൂബാ, നീന്തല്‍, മലകയറ്റം, അഗ്നിരക്ഷാ പ്രവർത്തനം എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു തീവ്ര പരിശീലനം.


ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് കർമരംഗമെങ്കിലും തികഞ്ഞ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് ജോലി ചെയ്യുന്നതെന്ന് ഫയർ വുമണ്‍ ആയ ജിനുമോള്‍ പറയുന്നു. അഗ്നിബാധയ്ക്കു പുറമേ റോഡപകടങ്ങള്‍, കിണറ്റിലും ജലാശയങ്ങളിലും ഉണ്ടാകുന്ന അപകടങ്ങള്‍, മഴക്കാലത്തും മറ്റും മരം മറിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകുന്പോള്‍ ഫയർമാൻമാരോടൊപ്പം ഇവരും സജീവമായി രംഗത്തുണ്ടാകും. ഫയർസ്റ്റേഷനിലേക്ക് ഏതു സമയത്തും സഹായം അഭ്യർഥിച്ചുള്ള കോളുകള്‍ വരാമെന്നതിനാല്‍ 24 മണിക്കൂറും കർമനിരതമായ സേവനമാണ് ഇത്.


ഏതു വെല്ലുവിളികളും പുരുഷൻമാരോടൊപ്പം ഏറ്റെടുക്കാൻ തയാറായാണ് ഇവരും ഓരോ കോളിനായും കാത്തിരിക്കുന്നത്. അപകടം റിപ്പോർട്ട് ചെയ്താല്‍ എത്രയും വേഗത്തില്‍ അവിടെ പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളാകും. നാലംഗസംഘത്തില്‍ ജിനുമോള്‍ ഒഴിച്ചുള്ളവർ അവിവാഹിതരാണ്. വയനാട്ടില്‍ തണ്ടർബോള്‍ട്ട് കമാൻഡോ ആയ എം.എസ്. വിജോ ആണ് ജിനുമോളുടെ ഭർത്താവ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.