
മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് മോഹൻലാൽ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഇന്ന് വൈകുന്നേരമാണ് താരം ശബരിമലയിൽ എത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് നടത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് കെട്ടു നിറച്ച് മല കയറിയാണ് മോഹൻലാൽ സന്നിധാനത്തെത്തിയത്.
മോഹൻലാൽ അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഒപ്പമാണ് ശബരിമലയിൽ എത്തിയത്. മോഹന്‍ലാലിന്‍റെ എമ്പുരാൻ എന്ന സിനിമ മാർച്ച് 27ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു കമ്മിറ്റ്മെറ്റുകൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ.
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.