നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവും മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നാല് പേരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ കൗതുകത്തോടെ എക്സില്‍ പങ്കുവെച്ചിരിക്കുകയാണ്.
മെക്സിക്കൻ ഉൾക്കടലിൽ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാർഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിന്‍റെ ബോട്ടുകളും സ്പേസ് എക്സിന്‍റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു.