MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

പാലാ സെന്റ് തോമസ് കോളേജിലെ നിതിനമോളെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയിട്ട് 4 വർഷം; വിചാരണ തുടങ്ങിയില്ല

പാലാ സെന്റ് തോമസ് കോളേജിലെ നിതിനമോളെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയിട്ട് 4 വർഷം

കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് 21 കാരി നിതിനമോളെ സഹപാഠി കഴുത്തറുത്തു കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച കൊലപാതകത്തിന്റെ ആഘാതം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഏക മകൾ നഷ്ടപ്പെട്ടത്തോടെ നിതിനമോളുടെ അമ്മ ബിന്ദുവും അനാഥയായി. നാലുവർഷം കഴിഞ്ഞിട്ടും കേസിൽ ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ പ്രതി അഭിഷേക് ബൈജു ജയിലിൽ നിന്ന് പുറത്തിറങ്ങി.


2021 ഒക്ടോബർ ഒന്നിനാണ് പാലാ സെന്‍റ് തോമസ് കലാലയം കൊലക്കളമായത്. ഈ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു നിതിനമോൾ. അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ്. പക്ഷെ ഈ വഴിയിൽ കാത്തുനിന്ന സുഹൃത്തും സഹപാഠിയുമായ അഭിഷേക് നിതിനമോളെ തടഞ്ഞു നിർത്തി. ആദ്യം ഒന്നും രണ്ടും പറഞ്ഞ് വാക്ക് തർക്കം. പിന്നീട് പ്രതി പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് നിതിനമോളുടെ കഴുത്തറുത്ത് വീഴ്ത്തി.


നിതിനമോളും അഭിഷേകും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് ബന്ധം ശിഥിലമായി. രണ്ട്പേരും പരസ്പരം മിണ്ടാതെയായി. അങ്ങനെ പ്രണയം പകയായി. ഒടുവിൽ കൂട്ട് വെട്ടിയ ദേഷ്യത്തിൽ അഭിഷേക് നിതിനമോളെ വെട്ടിവീഴ്ത്തി. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ക്രൂരത. ഒരുപാട് സ്വപ്നങ്ങൾ നെയ്തെടുത്ത് ക്യാമ്പസിന്‍റെ പടി ഇറങ്ങാനാഗ്രഹിച്ചൊരു ഉർജ്വസ്വലായായ പെൺകുട്ടിയുടെ ചേതനയറ്റ ശരീരമാണ് കോളേജിന്‍റെ പുറത്തേക്ക് കൊണ്ട്പോയത്. എല്ലാവർക്കും പ്രിയപ്പെട്ടൊരു പെൺകുട്ടിയായിരുന്നു നിതിന. നാട്ടിലെ പൊതുഇടങ്ങളിൽ സജീവ സാന്നിധ്യം. പൊതുപ്രവർത്തക. നിതിനമോളുടെ അപ്രതീക്ഷിത വിയോഗം നാട്ടിലിപ്പോഴും ശൂന്യതയാണ്. 


നാല് വർഷങ്ങൾക്കിപ്പുറം മകളുടെ ഓർമ്മകളിൽ നീറി നീറി കഴിയുന്ന ഒരമ്മയുണ്ട് കുറുന്തറയിലെ ഈ വീട്ടിൽ. ഏക മകളേയും നഷ്ടപ്പെട്ടതോടെ ഒറ്റക്കായൊരമ്മ. ചിരിച്ചിരിക്കുന്ന നിതിനമോളുടെ ചിത്രത്തിനടുത്തൊരു തയ്യൽ മെഷീനുണ്ട്. അമ്മ നിധി പോലെ കാത്ത്‍വച്ചിരിക്കുന്നത്. പഠിക്കുന്ന കാലത്ത് പഠനാവശ്യത്തിനായി പണം കണ്ടെത്തിയത് തയ്യൽ ജോലികൾ ചെയ്തായിരുന്നു. പഠിച്ച് പണിയെടുത്ത് നല്ലൊരു വീട് വയ്ക്കണം എന്നൊക്കെ ആഗ്രഹിച്ച പെൺകുട്ടി അടച്ചുറപ്പുള്ളൊരു വീട് പോലും കാണാതെയാണ് കൊലക്കത്തിക്ക് കീഴടങ്ങിയത്. നിതിനമോളുടെ മരണശേഷം ചില സുമനസുകൾ അമ്മയ്ക്ക് വീട് വച്ച് നൽകി. പക്ഷെ ഈ വീട്ടിൽ അമ്മയെങ്ങനെ സമാധാനമായി ഉറങ്ങും


അടുത്തിടെ അമ്മ ബിന്ദുവിന് ഒരു ശസ്ത്രക്രിയ ചെയ്തു, ഒറ്റയ്ക്ക് കഴിയുന്ന അമ്മ മകളുടെ പരിചരണം ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു പോകുകയാണ്. മകൾ മരിച്ച അന്ന് മുതൽ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളാണ്. വേഗത്തിൽ വിചാണ നടപടികൾ തുടങ്ങി പ്രതിക്ക് ശിക്ഷ കിട്ടുന്നതും കാത്തിരിക്കുകയാണ് അമ്മയും അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി എൺപത്തിനാല് ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം നൽകിയതാണ്. ആദ്യം നിശ്ചയിച്ച സ്പെഷ്യൽ പ്രൊസീക്യൂട്ടർ പിൻമാറിയിരുന്നു. പുതിയ സ്പെഷ്യൽ പ്രൊസിക്യൂട്ടറുടെ നിയമനത്തിന്‍റെ നടപടികൾ അവസാനഘട്ടത്തിലാണ്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS